Kerala Government NewsNews

സാമ്പത്തിക പ്രതിസന്ധിക്കിടെ ഗവർണറുടെ വിരുന്നിന് 15 ലക്ഷം; ‘അറ്റ് ഹോം’ പരിപാടിക്ക് അധിക തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴും, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായി 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ച് സർക്കാർ. നിലവിലുള്ള ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഈ തുക അനുവദിച്ചത്.

ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ നൽകുന്ന വിരുന്നിന്റെ ചെലവുകൾക്കായാണ് ഈ തുക. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിനെ തുടർന്നാണ് സർക്കാർ നടപടി.

ധനവകുപ്പ് (ബജറ്റ് വിംഗ്) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ‘ഹോസ്പിറ്റാലിറ്റി ചെലവുകൾ’ എന്ന ശീർഷകത്തിലാണ് 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ജൂലൈ 31-നാണ് ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ളവ മുടങ്ങുകയും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഗവർണറുടെ വിരുന്നിനായി അധിക തുക അനുവദിച്ചത് വരും ദിവസങ്ങളിൽ ചർച്ചയായേക്കാം.