
ഓൺലൈൻ സ്ഥലംമാറ്റം കടലാസിൽ; 25-ൽ അധികം വകുപ്പുകളിൽ ഇപ്പോഴും ‘മാനുവൽ’ ഭരണം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം സുതാര്യമാക്കാൻ ലക്ഷ്യമിട്ടിറക്കിയ ഓൺലൈൻ സംവിധാനം (സ്പാർക്ക് വഴി) 25-ൽ അധികം സുപ്രധാന വകുപ്പുകളിൽ ഇനിയും പൂർണ്ണമായി നടപ്പായില്ലെന്ന് സർക്കാർ.
മൃഗസംരക്ഷണം, ഫിഷറീസ്, സിവിൽ സപ്ലൈസ്, ട്രഷറി, വിജിലൻസ് തുടങ്ങിയ സാധാരണക്കാരുമായി ഏറെ ഇടപഴകുന്ന വകുപ്പുകൾ പോലും ഓൺലൈൻ സ്ഥലംമാറ്റ സംവിധാനത്തിലേക്ക് പൂർണ്ണമായി മാറാത്തവയുടെ പട്ടികയിലുണ്ട്.
ദെലീമ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്. ജീവനക്കാരുടെ നിയമനവും പൊതുസ്ഥലംമാറ്റവും ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണമെന്ന് വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.
ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാത്ത പ്രധാന വകുപ്പുകൾ:
- മൃഗസംരക്ഷണം
- പുരാവസ്തു
- കോളേജ് വിദ്യാഭ്യാസം
- സിവിൽ സപ്ലൈസ്
- സഹകരണ ഓഡിറ്റ്
- ഫിഷറീസ്
- ഹാർബർ എഞ്ചിനീയറിംഗ്
- ജലസേചനം (ഇറിഗേഷൻ)
- സ്റ്റേറ്റ് ലോട്ടറീസ്
- മൈനിംഗ് & ജിയോളജി
- മ്യൂസിയം & മൃഗശാല
- തുറമുഖം
- ജയിൽ
- പട്ടികജാതി വികസനം
- സർവ്വെ & ലാന്റ് റിക്കോർഡ്സ്
- വിനോദസഞ്ചാരം (ടൂറിസം)
- ട്രഷറി
- വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ
- ക്ഷീര വികസനം
- എക്സൈസ് കമ്മീഷണറേറ്റ്
ഭരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഇത്രയധികം വകുപ്പുകളിൽ ജീവനക്കാരുടെ സ്ഥലംമാറ്റം ഇപ്പോഴും പഴയ രീതിയിൽ തുടരുന്നത്. ഇത് ജീവനക്കാർക്കിടയിൽ ആശങ്കകൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കുന്നുണ്ട്.