
ചെലവുചുരുക്കൽ പ്രഖ്യാപനം കടലാസിൽ; മുഖ്യ വിവരാവകാശ കമ്മീഷണർക്ക് 35 ലക്ഷത്തിന്റെ പുതിയ ഇന്നോവ ക്രിസ്റ്റ
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, മുഖ്യ വിവരാവകാശ കമ്മീഷണർക്ക് 35 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പുതിയ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ സർക്കാർ അനുമതി. നിലവിലെ വാഹനം 10 വർഷത്തിലധികം പഴക്കമുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ വാഹനം വാങ്ങുന്നത്. ജൂലൈ 30-ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങൾ വാങ്ങുന്നതിന് മന്ത്രിസഭയുടെ പ്രത്യേക അനുമതി വേണമെന്ന് ധനവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവരാവകാശ കമ്മീഷണർക്ക് പുതിയ വാഹനം വാങ്ങാനുള്ള ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്.
നിലവിൽ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കം കാരണം നിരന്തരം അറ്റകുറ്റപ്പണികൾക്ക് വിധേയമാക്കേണ്ടി വരുന്നതായും ഇതിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നതായും വിവരാവകാശ കമ്മീഷൻ സർക്കാരിനെ അറിയിച്ചിരുന്നു. ഹിയറിംഗുകൾക്കും സെമിനാറുകൾക്കുമായി കമ്മീഷണർക്ക് നിരന്തരം യാത്രകൾ ആവശ്യമായതിനാൽ പുതിയ വാഹനം അത്യന്താപേക്ഷിതമാണെന്നും കമ്മീഷൻ സെക്രട്ടറി നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2025 മോഡൽ ഡീസൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ZX7S വാഹനം ജെം പോർട്ടൽ വഴി വാങ്ങാൻ സർക്കാർ ഭരണാനുമതി നൽകി ഉത്തരവിറക്കിയത്. ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ മുടങ്ങുകയും ട്രഷറി നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്നതിനിടെയുള്ള ഈ തീരുമാനം വരും ദിവസങ്ങളിൽ ചർച്ചയായേക്കും.