
ഇന്ത്യൻ സേനയുടെ ‘ദിവാർ’ കോട്ട; ഡ്രോൺ ആക്രമണങ്ങളെ തകർക്കാൻ L-70 തോക്കുകൾക്ക് ജാമർ കരുത്ത്
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ വ്യോമ പ്രതിരോധ ശേഷിയിൽ നിർണായക കുതിച്ചുചാട്ടം. പതിറ്റാണ്ടുകൾ പഴക്കമുള്ള L-70 വിമാനവേധ തോക്കുകളെയാധുനിക ഡ്രോൺ വേധ ജാമറുകളുമായി സംയോജിപ്പിച്ച് സൈന്യം അതിർത്തിയിൽ വിന്യസിച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള ‘അവ്ഗാർഡ് സിസ്റ്റംസ്’ വികസിപ്പിച്ച ‘ദിവാർ’ (DIWAR) എന്ന അത്യാധുനിക ജാമർ സംവിധാനമാണ് L-70 തോക്കുകൾക്ക് പുതിയ കരുത്ത് പകരുന്നത്.
ഇതോടെ, ശത്രു ഡ്രോണുകളെ വെടിവെച്ചിടാനും (ഹാർഡ് കിൽ), അവയുടെ സിഗ്നലുകൾ തകർത്ത് പ്രവർത്തനരഹിതമാക്കാനും (സോഫ്റ്റ് കിൽ) ഇന്ത്യൻ സൈന്യത്തിന് സാധിക്കും. ഡ്രോൺ കൂട്ടങ്ങളെയും (swarm attacks) താഴ്ന്നുപറക്കുന്ന ഭീഷണികളെയും നേരിടാൻ ‘ഡ്രോൺ ഇൻട്രൂഷൻ വാൾ ആൻഡ് റിപ്പൾഷൻ’ (Drone Intrusion Wall and Repulsion) എന്നറിയപ്പെടുന്ന ഈ സംവിധാനം സൈന്യത്തെ സജ്ജമാക്കുന്നു. അടുത്തിടെ 2025 മെയ് മാസത്തിൽ ജമ്മുവിന് മുകളിലൂടെ പറന്ന പാകിസ്ഥാൻ ഡ്രോണുകളെ ഈ സംവിധാനം ഉപയോഗിച്ച് വിജയകരമായി നിർവീര്യമാക്കിയിരുന്നു.
പഴയ തോക്കും പുതിയ സാങ്കേതികവിദ്യയും
1940-കളിൽ സ്വീഡൻ രൂപകൽപ്പന ചെയ്ത 40mm L-70 തോക്കുകൾ ദീർഘകാലമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ആണ് ഈ തോക്കുകളെ നവീകരിച്ചത്. മിനിറ്റിൽ 240 മുതൽ 330 റൗണ്ട് വരെ വെടിയുതിർക്കാനും 4 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ തകർക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.
‘ദിവാർ’ എന്ന ഡ്രോൺ വേധ മതിൽ
സാധാരണ ജാമറുകളെ എളുപ്പത്തിൽ കബളിപ്പിക്കുന്ന ഫ്രീക്വൻസി ഹോപ്പിംഗ് ഡ്രോണുകളെപ്പോലും തകർക്കാൻ ശേഷിയുള്ളതാണ് ‘ദിവാർ’ ജാമർ. ഡ്രോണുകളുടെ കൺട്രോൾ, വീഡിയോ, നാവിഗേഷൻ സിഗ്നലുകളെ തടസ്സപ്പെടുത്തി അവയെ താഴെയിറക്കാനോ, തിരിച്ചയക്കാനോ, തകർക്കാനോ ഈ സംവിധാനത്തിന് കഴിയും. കൂടാതെ, ഡ്രോണുകളുടെ ജിപിഎസ് സംവിധാനം ഹാക്ക് ചെയ്ത് സുരക്ഷിതമായി താഴെയിറക്കി ഫോറൻസിക് പരിശോധന നടത്താനും ‘ദിവാർ’ സഹായിക്കും.
ഈ സംയോജിത സംവിധാനം ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ തന്ത്രങ്ങൾക്ക് പുതിയ മാനം നൽകുന്നതാണ്.