IndiaNews

70 കഴിഞ്ഞവർക്ക് 5 ലക്ഷത്തിന്റെ സൗജന്യ ചികിത്സ; ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (PM-JAY) 70 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കുമായി വിപുലീകരിച്ചു. ഇതോടെ, വരുമാന പരിധി നോക്കാതെ 70 വയസ്സ് പിന്നിട്ട എല്ലാവർക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ആശുപത്രി ചികിത്സാ പരിരക്ഷ ലഭിക്കും.

‘വയ് വന്ദന’ കാർഡ് വഴിയാണ് മുതിർന്ന പൗരന്മാർക്ക് ഈ ആനുകൂല്യം ലഭ്യമാക്കുക. 2024 ഒക്ടോബറിലാണ് ഈ വിപുലീകരണം നടപ്പിലാക്കിയതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ, ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചു.

രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 12 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഇതിനുപുറമെയാണ് ഇപ്പോൾ 70 വയസ്സ് കഴിഞ്ഞ 4.5 കോടി കുടുംബങ്ങളിലെ 6 കോടി മുതിർന്ന പൗരന്മാരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, അവരുടെ സഹായികൾ എന്നിവരെയും 2024 മാർച്ചിൽ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു.

കേരളത്തിൽ 83 ലക്ഷം പേർക്ക് കാർഡ്

രാജ്യത്തുടനീളം ഇതുവരെ 41 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിൽ മാത്രം 83.75 ലക്ഷം പേർക്ക് ആയുഷ്മാൻ കാർഡുകൾ ലഭിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

പദ്ധതിയിൽ എങ്ങനെ ചേരാം?

ഗുണഭോക്താക്കൾക്ക് എളുപ്പത്തിൽ പദ്ധതിയിൽ ചേരുന്നതിനായി സർക്കാർ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക ആയുഷ്മാൻ ആപ്പും (Ayushman App), beneficiary.nha.gov.in എന്ന വെബ് പോർട്ടലും നിലവിലുണ്ട്. കൂടാതെ, 14555 എന്ന ദേശീയ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സംശയങ്ങൾ ദൂരീകരിക്കാം. പദ്ധതിയിൽ അംഗമായ ഏത് ആശുപത്രിയിൽ നിന്നും കാർഡ് എടുക്കാൻ സാധിക്കും. ആശുപത്രികളിൽ ഇതിനായി ‘പ്രധാൻ മന്ത്രി ആരോഗ്യ മിത്ര’മാരുടെ സേവനവും ലഭ്യമാണ്