
മുഖ്യമന്ത്രിയുടെ മൂക്കിൻ കീഴിൽ കൊള്ള: സെക്രട്ടേറിയറ്റ് കാന്റീനിലെയും കോഫി ഹൗസിലെയും വിലവർദ്ധനവ്; പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
സെക്രട്ടേറിയറ്റ് കാന്റീനിലെയും കോഫി ഹൗസിലെയും ഭക്ഷണസാധനങ്ങളുടെ വിലവർദ്ധനവിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലയുന്ന സർക്കാർ ജീവനക്കാർക്ക് ഈ വിലവർദ്ധനവ് ഇരുട്ടടിയാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മൂക്കിൻ കീഴിൽ അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ഈ വിലവർദ്ധനവ് നടപ്പാക്കിയതെന്നും ഇർഷാദ് ആരോപിച്ചു. ജീവനക്കാർക്ക് 18% ക്ഷാമബത്ത കുടിശ്ശിക ആയിരിക്കെയാണ് 20 മുതൽ 30% വരെ വില വർദ്ധിപ്പിച്ചത്. “ഗുണത്തിൽ തുച്ഛം, വിലയിൽ മെച്ചം” എന്നതാണ് സെക്രട്ടേറിയറ്റ് കാന്റീനിന്റെ ഇപ്പോഴത്തെ അവസ്ഥ. പുറത്ത് സാധാരണ കടകളിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന വിലയാണ് കാന്റീനിൽ ഈടാക്കുന്നത്. പുറത്ത് 10 രൂപയ്ക്ക് ലഭിക്കുന്ന ചായയ്ക്ക് കാന്റീനിൽ 11 രൂപയാണ്. സ്വകാര്യ ഹോട്ടലുകളിൽ 30 രൂപയ്ക്ക് മീൻ കറിയും 35 രൂപയ്ക്ക് മീൻ വറുത്തതും ലഭിക്കുമ്പോൾ, കാന്റീനിൽ ഇവയ്ക്ക് യഥാക്രമം 50-ഉം 60-ഉം രൂപ നൽകണം. 14 രൂപയുടെ മുട്ടക്കറി കാന്റീനിൽ ലഭ്യമല്ലെന്നും 25 രൂപ നൽകിയാലേ പ്രാതലിന് മുട്ടക്കറി ലഭിക്കൂ എന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, ഒഴിച്ചുകറിയായി പരിപ്പോ സാമ്പാറോ രസമോ മോരോ പുളിശ്ശേരിയോ ഇല്ലാത്ത ഊണിന് പോലും ഉയർന്ന വില നൽകേണ്ട അവസ്ഥയാണെന്നും പ്രതിഷേധക്കാർ പറയുന്നു. കാന്റീനിന് വെള്ളം, വൈദ്യുതി, വാടക തുടങ്ങിയ ചെലവുകളില്ലെന്നും ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകുമ്പോൾ സബ്സിഡി നിരക്കിൽ ഭക്ഷ്യസാധനങ്ങളും പാചകവാതകവും ലഭ്യമാണെന്നും എന്നിട്ടും അമിതവില ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
വിലവർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്,കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി. നൗഷാദ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി സി.ഡി. ശ്രീനിവാസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ. ബിനു എന്നിവർ ആവശ്യപ്പെട്ടു.