
സർക്കാർ സ്ഥാപനങ്ങളിലെ “രഹസ്യങ്ങൾ ” അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് പ്രശാന്ത് ഐ എ എസ്
തിരുവനന്തപുരം: വിവരാവകാശ നിയമം നടപ്പിലാക്കി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും സർക്കാർ സംവിധാനങ്ങളെ കുടുംബകാര്യങ്ങളായി കാണുന്ന ഒരു മനോഭാവം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് എൻ. പ്രശാന്ത് ഐ എ എസ് . സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് പ്രശാന്ത് ഫേസ് ബുക്കിൽ കുറിച്ചു.
പ്രശാന്തിൻ്റെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം :
“അടുത്തിടെ ഡോ. ഹാരിസിൻ്റെ വാർത്തയ്ക്ക് കീഴിൽ വന്ന “കുടുംബത്തിലെ അനാവശ്യകാര്യങ്ങൾ നിങ്ങൾ പുറത്തിറങ്ങി പറയുമോ?” എന്ന കമന്റ് ഈ വിഷയത്തെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരികയാണ്.
സർക്കാർ സംവിധാനം എന്നത് അതിലെ ഉദ്യോഗസ്ഥരുടെ കുടുംബകാര്യങ്ങളാണെന്ന് പലരും ധരിച്ചു വെച്ചിരിക്കുന്നു. എഞ്ചിനിയർമാർ, ഡോക്ടർമാർ, ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ ‘കുടുംബാംഗങ്ങളുടെയും’ കാര്യങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇതിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്.
കേരളത്തിലെ ശരാശരി സർക്കാർ വകുപ്പുകളിൽ ദേശസുരക്ഷയോ അണുവായുധങ്ങളോ പോലുള്ള, നാട്ടുകാർ അറിഞ്ഞാൽ ലോകം അവസാനിക്കുന്ന തരത്തിലുള്ള ഭാരിച്ച രഹസ്യങ്ങളൊന്നും സാധാരണയായി ഉണ്ടാകാറില്ല. ഈ സംവിധാനങ്ങളുടെ യഥാർത്ഥ ഉടമകൾ (share owners) ജനങ്ങളാണ്. എന്നിട്ടും, ജനങ്ങളെ കബളിപ്പിച്ച് നിർത്തുന്നത് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു.
സിസ്റ്റത്തിന്റെ പുറത്തുള്ള സാധാരണ പൗരന്മാരെ പുച്ഛത്തോടെ നോക്കി ‘നിങ്ങളൊക്കെ പുറമ്പോക്കിലല്ലേ?’ എന്ന മട്ടിൽ, അവരിൽ നിന്ന് ‘കുടുംബകാര്യം’ ഒളിച്ച് വെക്കണം എന്ന് വിശ്വസിക്കുന്നവർ വിവരാവകാശ നിയമം പാസായി 20 വർഷം കഴിഞ്ഞിട്ടും ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. വിവരാവകാശ നിയമത്തിന്റെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്യുന്ന ഈ മനോഭാവം ജനാധിപത്യ സമൂഹത്തിന് ഭൂഷണമാണോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത് “.