
കൊച്ചി: നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളം. മികച്ചൊരു തിരിച്ചുവരവിന് കളമൊരുക്കിയ ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിലെ പ്രകടനം പ്രേക്ഷകരും സിനിമാ ലോകവും ചർച്ച ചെയ്യുമ്പോഴാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. ചിത്രത്തിലെ നവാസിന്റെ മേക്കോവർ പലരും തിരിച്ചറിഞ്ഞത് സിനിമ ഒ.ടി.ടിയിൽ എത്തിയതിന് ശേഷമാണ്. ആ അഭിനയ മികവിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ അഷ്‌റഫ് ഗുരുക്കൾ.
അഷ്‌റഫ് ഗുരുക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റ്, നവാസ് എന്ന നടൻ തന്റെ കഥാപാത്രത്തിനായി എത്രത്തോളം കഷ്ടപ്പെട്ടിരുന്നു എന്നതിന്റെ നേർസാക്ഷ്യമാണ്. ‘ഡിറ്റക്ടീവ് ഉജ്ജ്വലനി’ലെ നവാസിന്റെ കഥാപാത്രത്തെ കൊല്ലുന്ന രംഗം ചിത്രീകരിക്കുന്നത് ഒരു പാടത്തിന് നടുവിലുള്ള പാറപ്പുറത്ത് വെച്ചായിരുന്നു. ക്രെയിൻ പോലുള്ള വാഹനങ്ങൾക്ക് എത്താൻ കഴിയാത്ത ആ സ്ഥലത്ത് ഏറെ ശ്രമകരമായാണ് ആക്ഷൻ രംഗം ഒരുക്കിയതെന്ന് അഷ്‌റഫ് ഓർക്കുന്നു.
അഷ്‌റഫ് ഗുരുക്കളുടെ വാക്കുകളിലൂടെ:
“റോപ്പിന്റെ സഹായത്തോടെയായിരുന്നു ആ ഷോട്ട് എടുക്കേണ്ടിയിരുന്നത്. നവാസ് മേക്കപ്പ് ചെയ്ത് എന്റെ അരികിൽ വന്നു. കാലങ്ങളായുള്ള ബന്ധം വെച്ച് അദ്ദേഹം ചോദിച്ചു, ‘ഇക്കാ, ഇത് ഡ്യൂപ്പ് ചെയ്താൽ പോരേ?’. എന്നാൽ അദ്ദേഹത്തെ ധൈര്യപ്പെടുത്തി, ‘നവാസ് ഭായ് ചെയ്തോ, പേടിക്കണ്ട’ എന്ന് ഞാൻ മറുപടി നൽകി. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ മുഖത്തെ പേടി മാറി, കഥാപാത്രത്തിലേക്ക് പൂർണ്ണമായി പ്രവേശിച്ചു.”
“റോളിംഗ്… ആക്ഷൻ… ഫൈറ്റർമാർ എറിഞ്ഞപ്പോൾ മലർന്നടിച്ച് പാറപ്പുറത്ത് കിടന്ന നവാസിന്റെ അടുത്തേക്ക് ഞങ്ങൾ ഓടിയെത്തി. ‘ഷോട്ട് ഓക്കേ ആണോ ഇക്കാ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഷോട്ട് ഗംഭീരമായിരുന്നെങ്കിലും, ഒന്നുകൂടി എടുത്താൽ ഇതിലും നന്നാക്കാം എന്ന് പറഞ്ഞ് ആ ഷോട്ട് വീണ്ടും ചെയ്യാൻ നവാസ് സ്വയം തയ്യാറായി. രണ്ടാമത്തെ ടേക്ക് ആദ്യത്തേതിലും ഗംഭീരമായിരുന്നു. സെറ്റിൽ നിന്ന് അദ്ദേഹത്തിന് വലിയൊരു കയ്യടിയും ലഭിച്ചു,” അഷ്‌റഫ് ഗുരുക്കൾ കുറിച്ചു.
ഒരു ചെറിയ ഭയത്തിൽ നിന്ന് കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായ ഒരു കലാകാരനായിരുന്നു നവാസെന്ന് ഈ അനുഭവം വ്യക്തമാക്കുന്നു. മികച്ച വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കെയാണ്, മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാൻ നേരം ഹോട്ടൽ മുറിയിൽ വെച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.