News

കലാഭവൻ നവാസ് അന്തരിച്ചു; ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കൊച്ചി: പ്രശസ്ത ചലച്ചിത്രതാരവും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിനെ (51) അന്തരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോടെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുതിയ സിനിമയുടെ ചിത്രീകരണ ആവശ്യങ്ങൾക്കായാണ് അദ്ദേഹം ചോറ്റാനിക്കരയിൽ എത്തിയത്.

ചിത്രീകരണം കഴിഞ്ഞ് ഷൂട്ടിംഗ് സംഘത്തിലെ മറ്റുള്ളവർ മടങ്ങിയ ശേഷവും നവാസ് മുറിയിൽ തുടരുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മുറിയുടെ താക്കോൽ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. വാതിൽ തുറന്നുനോക്കിയപ്പോൾ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

വടക്കാഞ്ചേരിയിൽ പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ച നവാസ്, മിമിക്രി വേദികളിലൂടെയാണ് കലാരംഗത്ത് സജീവമായത്. സഹോദരൻ നിയാസ് ബക്കറിനൊപ്പം നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിൽ അംഗമായതോടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്.

1995-ൽ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന്, ‘ജൂനിയർ മാൻഡ്രേക്ക്’, ‘അമ്മ അമ്മായിയമ്മ’, ‘മാട്ടുപ്പെട്ടി മച്ചാൻ’, ‘ചന്ദാമാമ’, ‘വൺമാൻ ഷോ’, ‘വെട്ടം’, ‘ചട്ടമ്പിനാട്’, ‘കോബ്ര’, ‘എബിസിഡി’, ‘മൈലാഞ്ചി മൊഞ്ചുള്ള വീട്’, ‘മേരാ നാം ഷാജി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ആണ് അദ്ദേഹത്തിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം.

ചലച്ചിത്രതാരം രഹ്നയാണ് ഭാര്യ. 2002-ലായിരുന്നു ഇവരുടെ വിവാഹം. മക്കൾ: നഹറിൻ, റിദ്‌വാൻ, റിഹാൻ. നടൻ നിയാസ് ബക്കർ സഹോദരനാണ്. നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകവും സഹപ്രവർത്തകരും.