
ശമ്പള പെൻഷൻ വിതരണത്തിന് ജൂലൈ 29 ന് കടമെടുത്ത 2000 കോടി തികയില്ല; ആഗസ്ത് 5 ന് 1000 കോടി കൂടി കടമെടുക്കാൻ കെ. എൻ. ബാലഗോപാൽ
ശമ്പള പെൻഷൻ വിതരണത്തിന് പണം തികയാതെ വന്നതോടെ 1000 കോടി കൂടി കടമെടുക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം ആഗസ്ത് 5 ന് റിസർവ് ബാങ്കിൻ്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ- കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
നാളെ ( ആഗസ്ത് 1 ) മുതൽ വിതരണം ചെയ്യേണ്ട ശമ്പള പെൻഷൻ വിതരണത്തിനായി ജൂലായ് 29 ന് 2000 കോടി കടം എടുത്തിരുന്നു. ഇതിന് പുറമേ സർക്കാരിന് ലഭിക്കുന്ന വരവുകൾ കൂടി കണക്കുകൂട്ടി ശമ്പള പെൻഷൻ വിതരണം പൂർത്തിയാക്കാം എന്നായിരുന്നു ധനവകുപ്പിൻ്റെ കണക്കുകൂട്ടൽ. എന്നാൽ ഈ കണക്കുകൂട്ടൽ പാളിയതോടെയാണ് ആഗസ്ത് 5 ന് 1000 കോടി കൂടി കടം എടുക്കാൻ തീരുമാനിച്ചത്. ഇതോടെ പ്രതിസന്ധിയില്ലാതെ ശമ്പള പെൻഷൻ വിതരണം പൂർത്തിയാക്കാൻ സാധിക്കും.
ആഗസ്ത് 5 ന് 1000 കോടി കൂടി കടം എടുക്കുന്നതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 18000 കോടിയായി.ഏപ്രിൽ മാസം 3000 കോടി, മെയ് 4000 കോടി, ജൂൺ 5000 കോടി, ജൂലൈ 5000 കോടി, ആഗസ്ത് 5 ന് 1000 കോടി എന്നിങ്ങനെയാണ് 2025- 26 സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുപ്പ്.
ഡിസംബർ വരെ 29529 കോടി കടം എടുക്കാൻ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 18000 കോടിയും കടം എടുത്തതോടെ ഡിസംബർ വരെ കടം എടുക്കാൻ ശേഷിക്കുന്നത് 11529 കോടി മാത്രം. ആഗസ്ത് , സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ അഞ്ച് മാസങ്ങൾ കടക്കാൻ 11529 കോടി കടം തികയാതെ വരും.
ഓണം വരുന്ന സെപ്റ്റംബർ മാസത്തെ ചെലവുകൾക്ക് തന്നെ 15000 കോടി അധികമായി കണ്ടെത്തേണ്ടി വരും. മറ്റ് വരുമാന മാർഗങ്ങളും കടമെടുപ്പും കൂടി കൂട്ടിയാലും കാര്യങ്ങൾ നടക്കാത്ത അവസ്ഥയാണ് ധനവകുപ്പിന് മുന്നിൽ ഉള്ളത്.ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവ നൽകാൻ കടം എടുക്കേണ്ട ഗതികേടിലായി ബാലഗോപാലിന്റെ ധനഭരണത്തിൽ കേരളം. നികുതി പിരിവിലെ കെടുകാര്യസ്ഥതയാണ് കേരളത്തെ കടക്കെണിയിൽ ആക്കിയത്. ഇങ്ങനെ പോയാൽ ശമ്പളവും പെൻഷനും പോലും കൃത്യമായി വിതരണം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലേക്കാണ് കേരളത്തിൻ്റെ യാത്ര.