News

പീഡനം, പണം തട്ടല്‍; റാപ്പർ വേടനെതിരെ ബലാത്സം​ഗപരാതിയുമായി യുവ ഡോക്ടർ

കൊച്ചി: പ്രമുഖ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി, വിവാഹ വാഗ്ദാനം നൽകി പലതവണ ബലാത്സംഗം ചെയ്യുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് യുവ ഡോക്ടറുടെ പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തന്നെ, കോഴിക്കോട്ടെയും കൊച്ചിയിലെയും ഫ്ലാറ്റുകളിൽ വെച്ച് ലഹരിമരുന്ന് ഉപയോഗിച്ച ശേഷം ഉൾപ്പെടെ അഞ്ച് തവണ പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

തുടക്കം ഇൻസ്റ്റഗ്രാമിലൂടെ

2021-ൽ പിജി വിദ്യാർത്ഥിയായിരിക്കെയാണ് ഇൻസ്റ്റഗ്രാം വഴി വേടനുമായി യുവതി പരിചയപ്പെടുന്നത്. പിന്നീട് ഫോൺ നമ്പറുകൾ കൈമാറി. തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ വിശ്വസിപ്പിച്ചു. 2021 ഓഗസ്റ്റിൽ, കോഴിക്കോട് കോവൂരിലുള്ള യുവതിയുടെ ഫ്ലാറ്റിലെത്തിയ വേടൻ, സമ്മതമില്ലാതെ ബലാത്സംഗം ചെയ്യുകയും, എതിർത്തപ്പോൾ വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകി അനുനയിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ചൂഷണം തുടർക്കഥയായി

തുടർന്ന് 2023 മാർച്ച് വരെ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തു. ഇതിനിടെ, പുതിയ പാട്ടിറക്കാനും യാത്രകൾക്കുമായി പലപ്പോഴായി 31,000-ൽ അധികം രൂപ ഗൂഗിൾ പേ വഴി കൈമാറിയിട്ടുണ്ടെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇതിന്റെ ഡിജിറ്റൽ തെളിവുകളും പോലീസിന് കൈമാറി.

ബന്ധം ഉപേക്ഷിച്ചപ്പോൾ

2023 ജൂലൈയിൽ, കൊച്ചിയിലെ ഫ്ലാറ്റിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ വേടൻ, തന്നെ “ടോക്സിക്” എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ബന്ധം ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം കടുത്ത മാനസിക സംഘർഷത്തിലായ തനിക്ക് ചികിത്സ തേടേണ്ടി വന്നുവെന്നും യുവതി പറയുന്നു. അടുത്തിടെ, വേടനെതിരെ മറ്റൊരു പെൺകുട്ടി യൂട്യൂബിൽ നടത്തിയ വെളിപ്പെടുത്തൽ കണ്ടതോടെയാണ് താനും പരാതി നൽകാൻ ധൈര്യം കാണിച്ചതെന്നും യുവതി മൊഴിയിൽ വ്യക്തമാക്കി.