Cinema

കേരള ഫിലിം പോളിസി കോൺക്ലേവ്: ഉദ്ഘാടനത്തിന് മുഖ്യാതിഥികളായി മോഹൻലാലും സുഹാസിനിയും

തിരുവനന്തപുരം: ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളിൽ നടക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായി മോഹൻലാലും സുഹാസിനി മണിരത്‌നവും എത്തും. കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന കോൺക്ലേവ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ, ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ, ആരോഗ്യം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്, സ്പീക്കർ എ. എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ശശി തരൂർ എം.പി. എന്നിവർ പങ്കെടുക്കും.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ കെ, കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ചെയർമാൻ സയിദ് അഖ്തർ മിർസ തുടങ്ങിയവർ ചടങ്ങിൽ അതിഥികളാകും.

രാജ്യാന്തര സിനിമാ പ്രൊഫെഷണലുകൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഓസ്‌കാർ അവാർഡ് ജേതാവ് ഡോ.റസൂൽ പൂക്കുട്ടി, സംവിധായകൻ വെട്രിമാരൻ, ഐ.എഫ്.എഫ്.കെ. ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ പി.എസ്.പ്രിയദർശനൻ, അഭിനേത്രിമാരായ പത്മപ്രിയ ജാനകിരാമൻ, നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് ടി. കുരുവിള തുടങ്ങിയവർ പങ്കെടുക്കും.

രാജ്യാന്തര, ഇന്ത്യൻ, മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനെ തുടർന്ന് രണ്ട് ദിവസങ്ങളിലായി ചലച്ചിത്രമേഖലയുടെ വിവിധവശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപതോളം വിഷയങ്ങളിൽ സമഗ്രമായ ചർച്ചകൾ നടത്തും.