News

ഊരാളുങ്കലിന് 1.66 ലക്ഷം കോടിയുടെ കടം; നിക്ഷേപത്തിന് 1% അധിക പലിശ നൽകാൻ വീണ്ടും സർക്കാർ അനുമതി

തിരുവനന്തപുരം: ഊരാളുങ്കലിന് കടം 1.66 ലക്ഷം കോടി രൂപ. സർക്കാർ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 1,66,125 കോടി രൂപയുടെ വായ്പാ ബാധ്യത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് (ULCCS) ഉണ്ടെന്ന് സർക്കാർ. ഈ വർഷം മെയ് 14 ന് സഹകരണ വകുപ്പ് ഇറക്കിയ ഉത്തരവിലാണ് ഊരാളുങ്കലിന്റെ വായ്പാ ബാധ്യതയുടെ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇത്രയും വലിയ കട ബാധ്യത നിലനിൽക്കെത്തന്നെ, സംഘത്തിന് പ്രവർത്തന മൂലധനം കണ്ടെത്താനായി, മറ്റ് സഹകരണ സ്ഥാപനങ്ങളെക്കാൾ 1% അധിക പലിശ നൽകി സ്ഥിരനിക്ഷേപം സ്വീകരിക്കാനുള്ള പ്രത്യേക അനുമതി സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുകയാണ്. ഇതിന് പിന്നിലെ കാരണങ്ങള്‍ സംശയാസ്പദമാണ്.

സർക്കാർ ഉത്തരവില്‍ ഊരാളുങ്കലിന്റെ വായ്പ ബാധ്യതയെക്കുറിച്ച് വ്യക്തമാക്കുന്ന ഭാഗം

പ്രത്യേകാനുകൂല്യം എന്തിന്?

സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട പല നിർമ്മാണ പദ്ധതികളും ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് ഊരാളുങ്കൽ. ദേശീയപാതാ വികസനം (NHAI), കേരള റോഡ് ഫണ്ട് ബോർഡ് (KRFB) തുടങ്ങിയവയുടെ കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ പ്രവർത്തന മൂലധനം ആവശ്യമാണെന്ന് സംഘം സർക്കാരിനെ അറിയിച്ചിരുന്നു. കേരള ബാങ്കിൽ നിന്നുള്ള വായ്പ മാത്രം മതിയാവില്ലെന്നും, സർക്കാർ വകുപ്പുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ബില്ലുകൾ പാസ്സായി കിട്ടാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സംഘം അധിക പലിശയ്ക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതി തേടിയത്.

കണക്കുകളിലെ വൈരുദ്ധ്യം

2023-24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2409.11 കോടി രൂപയുടെ നിക്ഷേപവും, 304.85 കോടി രൂപയുടെ ഓഹരി മൂലധനവും ഊരാളുങ്കലിന് ഉണ്ട്. പൂർത്തിയായ കരാർ പ്രവൃത്തികളുടെ ഇനത്തിൽ 2385.87 കോടി രൂപ ഊരാളുങ്കലിന് ലഭിക്കാനും ഉണ്ട്. ഇതേ റിപ്പോർട്ടിൽ തന്നെയാണ് 4.59 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ കണക്കുകൾക്ക് ഒപ്പമാണ് 1,66,125 കോടി രൂപയുടെ ഭീമമായ കട ബാധ്യതയും സർക്കാർ ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംഘത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലും സർക്കാർ പ്രത്യേകാനുകൂല്യം നൽകി മുന്നോട്ട് പോകുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.