Legal NewsNews

ജോലിക്ക് പോകുമ്പോഴും തിരികെ വരുമ്പോഴുമുണ്ടാകുന്ന അപകടം ‘തൊഴിലിന്റെ ഭാഗം’; നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്ന നിർണായക വിധിയിൽ, ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെയുണ്ടാകുന്ന അപകടങ്ങൾ ‘തൊഴിലിന്റെ ഭാഗമായി’ കണക്കാക്കണമെന്നും, അതിന്റെ പേരിൽ ഇൻഷുറൻസ് കമ്പനികൾക്ക് നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി. ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.

വിധിക്ക് പിന്നിലെ കേസ്

2003-ൽ മഹാരാഷ്ട്രയിലെ ഒരു പഞ്ചസാര ഫാക്ടറിയിലെ വാച്ച്മാനായിരുന്ന ഷാഹു സമ്പത്ത്റാവു ജാധവർ, പുലർച്ചെ 3 മണിക്കുള്ള ഡ്യൂട്ടിക്കായി മോട്ടോർ സൈക്കിളിൽ പോകുമ്പോൾ, ഫാക്ടറിയിൽ നിന്ന് 5 കിലോമീറ്റർ അകലെ വെച്ച് അപകടത്തിൽപ്പെട്ട് മരിച്ചു. ജോലിസ്ഥലത്ത് വെച്ചല്ല അപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി കുടുംബത്തിന് നഷ്ടപരിഹാരം നിഷേധിച്ചു. ഈ കേസ് പിന്നീട് ബോംബെ ഹൈക്കോടതിയും ശരിവെച്ചു. ഇതിനെതിരെ ഷാഹുവിന്റെ കുടുംബം നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നിരിക്കുന്നത്.

സുപ്രീം കോടതിയുടെ നിരീക്ഷണം

“തൊഴിലിന്റെ ഭാഗമായുണ്ടാകുന്ന അപകടം” (accident arising out of and in the course of employment) എന്ന നിയമത്തിലെ വാചകത്തിന് വിശാലമായ അർത്ഥം നൽകണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജോലിക്ക് പോകുന്നതും വരുന്നതും തൊഴിലിന്റെ സ്വാഭാവികമായ ഭാഗമാണ്. പുലർച്ചെ 3 മണിക്കുള്ള ഡ്യൂട്ടിക്ക് വേണ്ടി യാത്ര ചെയ്യുന്നതും തൊഴിലും തമ്മിൽ വ്യക്തമായ ബന്ധമുണ്ട് (nexus). അതിനാൽ, ഈ യാത്രയ്ക്കിടെയുണ്ടാകുന്ന അപകടവും തൊഴിൽ സംബന്ധമായ അപകടമായി തന്നെ കണക്കാക്കണം.

തൊഴിലാളികളുടെ ക്ഷേമത്തിനായി നിർമ്മിച്ച നിയമങ്ങളെ ഇടുങ്ങിയ രീതിയിൽ വ്യാഖ്യാനിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഈ വിധിയോടെ, ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെടുന്ന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ വലിയൊരു നിയമപരമായ വ്യക്തതയാണ് വന്നിരിക്കുന്നത്.