
ന്യൂഡൽഹി: ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർ മൂന്ന് വർഷം മുൻപ് തന്നെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു. അതിസുരക്ഷാ സംവിധാനങ്ങളുള്ള അൾട്രാ-ഹൈ ഫ്രീക്വൻസി വയർലെസ് സെറ്റുകൾ ഉപയോഗിച്ചാണ് ഇവർ അതിർത്തിക്കപ്പുറമുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഈ സിഗ്നലുകൾ പിന്തുടർന്നാണ് സുരക്ഷാ സേന ഭീകരരെ കണ്ടെത്തി വധിച്ചത്.
ലഷ്കർ-ഇ-തൊയ്ബ ഭീകരരായ സുലൈമാൻ എന്ന ഫൈസൽ ജാട്ട്, ഹംസ അഫ്ഗാനി, സിബ്രാൻ എന്നിവരാണ് തിങ്കളാഴ്ച ദച്ചിഗാം വനമേഖലയിൽ നടന്ന ‘ഓപ്പറേഷൻ മഹാദേവി’ൽ കൊല്ലപ്പെട്ടത്. മൂന്ന് വർഷത്തോളമായി കശ്മീർ താഴ്‌വരയിൽ സജീവമായിരുന്ന ഇവർ, പഹൽഗാം ആക്രമണത്തിന് ശേഷം ദച്ചിഗാം വനത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
സിഗ്നലുകൾ പിന്തുടർന്ന് സേന
ഭീകരർ ഉപയോഗിച്ചിരുന്ന വയർലെസ് സെറ്റുകൾക്ക് 20 മുതൽ 25 കിലോമീറ്റർ വരെ പ്രവർത്തന പരിധിയുണ്ടായിരുന്നു. ഇവരുടെ ഫോൺകോളുകൾ ചോർത്താൻ സാധിച്ചില്ലെങ്കിലും, ‘ഡയറക്ഷൻ ഫൈൻഡർ’ എന്ന ഉപകരണം ഉപയോഗിച്ച് സുരക്ഷാ സേന സിഗ്നലുകൾ പിടിച്ചെടുത്തു. മെയ് 22-നാണ് ആദ്യമായി സിഗ്നൽ ലഭിച്ചത്.
ഇതേത്തുടർന്ന്, ദച്ചിഗാം വനം പൂർണ്ണമായി വളഞ്ഞ സേന, സിഗ്നലുകൾ വരുന്ന ഓരോ പ്രദേശവും അരിച്ചുപെറുക്കി. ഒടുവിൽ ജൂലൈ 22-ന് സാങ്കേതിക, മനുഷ്യ സഹായത്തോടെ ഭീകരരുടെ കൃത്യമായ സ്ഥാനം കണ്ടെത്തുകയും, ജൂലൈ 28-ന് നടന്ന ഓപ്പറേഷനിലൂടെ അവരെ വധിക്കുകയുമായിരുന്നു.
തെളിവുകൾ സ്ഥിരീകരിച്ച് അമിത് ഷാ
ഭീകരരുടെ പക്കൽ നിന്ന് പാകിസ്താനി വോട്ടർ ഐഡി കാർഡുകളും പാക് നിർമ്മിത ചോക്ലേറ്റുകളും കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞിരുന്നു. ഭീകരരിൽ നിന്ന് കണ്ടെടുത്ത എ.കെ-47, എം4 കാർബൈൻ തോക്കുകളും ആക്രമണ സ്ഥലത്തുനിന്ന് ലഭിച്ച വെടിയുണ്ടകളും ബാലിസ്റ്റിക് പരിശോധനയിൽ ഒന്നാണെന്ന് തെളിഞ്ഞതും നിർണായകമായി. ഭീകരർക്ക് ഒളിത്താവളം ഒരുക്കിയ പർവേസ് അഹമ്മദ്, ബഷീർ അഹമ്മദ് എന്നീ രണ്ട് പ്രദേശവാസികളെ എൻ.ഐ.എ. നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരും ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
(കടപ്പാട്: ദി ഹിന്ദു)