News

ഉമ്മൻ ചാണ്ടിയുടെ കാരുണ്യ പദ്ധതികൾ സർക്കാർ അട്ടിമറിച്ചു; രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവിഷ്കരിച്ച കാരുണ്യ, ശ്രുതി തരംഗം പോലുള്ള ജനകീയ പദ്ധതികളെ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ അട്ടിമറിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“കാരുണ്യ ചികിത്സാ പദ്ധതിയിലൂടെ നിരവധി പാവപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക് ആശ്വാസമായ ശ്രുതി തരംഗം പദ്ധതിയും അദ്ദേഹത്തിന്റെ സംഭാവനയാണ്.

എന്നാൽ, ഈ രണ്ട് പദ്ധതികളുടെയും ശരിയായ തുടർ നടത്തിപ്പിന് ഇപ്പോഴത്തെ സർക്കാർ തയ്യാറായില്ല എന്നത് കേരളത്തിന്റെ ദുരന്തമാണ്,” സണ്ണി ജോസഫ് കുറ്റപ്പെടുത്തി. ജനങ്ങളുടെ ദുരിതമറിഞ്ഞ് അവരിലേക്ക് ഇറങ്ങിച്ചെന്ന, ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു.

ഓർമ്മകൾ പങ്കുവെച്ച് മറിയാമ്മ ഉമ്മൻ

“ഉമ്മൻചാണ്ടി ഒരു സമാധാനമായിരുന്നു,” എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു. “അദ്ദേഹം ആരെയും ദ്രോഹിച്ചിട്ടില്ല, എല്ലാവരെയും സ്നേഹിച്ചു. ഒരു കൊച്ചുകുഞ്ഞിന് പോലും എന്ത് കാര്യവും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തോട് നേരിട്ട് പറയാമായിരുന്നു. അങ്ങനെയൊരു നേതാവ് ഇന്ത്യയിൽ വേറെയുണ്ടോ?” അവർ ചോദിച്ചു.

ചടങ്ങിൽ, അസോസിയേഷന്റെ പുതിയ കാരുണ്യ പദ്ധതിയായ ‘കാരുണ്യോദയ’ത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 300 പേർക്ക് ഭക്ഷ്യക്കിറ്റുകളും ചികിത്സാ സഹായവും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എംഎൽഎ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.