News

പുത്തുമലയിൽ സ്മാരകം നിർമിക്കും; ചൂരൽമല ദുരന്തബാധിതർക്ക് സർക്കാർ ഭൂമിയും വീടും നഷ്ടപരിഹാരവും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് ഭൂമിക്ക് ഉടമസ്ഥാവകാശം (ROR) നൽകുന്നത് ഉൾപ്പെടെ, വയനാട്ടിലെ ദുരന്തബാധിതർക്കായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് മന്ത്രിസഭ. ദുരന്തബാധിതർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി ദീർഘിപ്പിക്കാനും, ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ഭൂമിയും വീടും ഉറപ്പ്

പുനരധിവാസത്തിന്റെ ഭാഗമായി കണ്ടെത്തിയ 5 ഹെക്ടർ ഭൂമിക്ക് ആദിവാസി കുടുംബങ്ങൾക്ക് ഉടൻതന്നെ ഉടമസ്ഥാവകാശം നൽകാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ട 8 കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് പ്രോജക്ടിന്റെ മാതൃകയിൽ പുതിയ വീടുകൾ നിർമ്മിച്ച് നൽകും. നേരത്തെ പട്ടികയിൽ ഉൾപ്പെടാതിരുന്ന 5 കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തി, ഇവർക്ക് 10 സെന്റ് ഭൂമിയും വീടും അനുവദിക്കാനും തീരുമാനമായി.

ചികിത്സാ സഹായവും സ്മാരകവും

വയനാട് ദുരന്തബാധിതർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി ഈ വർഷം ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. നിലവിലെയും ഭാവിയിലെയും ചികിത്സാ ചെലവുകൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 6 കോടി രൂപ അനുവദിക്കും. ഇതിനുപുറമെ, പുത്തുമലയിൽ ദുരന്തത്തിൽ മരിച്ചവരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാർത്ഥന നടത്തുന്നതിനായി 99.93 ലക്ഷം രൂപ ചെലവിൽ ഒരു സ്മാരകം നിർമ്മിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.

ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സംരംഭകർക്ക് നഷ്ടപരിഹാരം നൽകുന്നതിനും, വിലങ്ങാട് ദുരന്തബാധിതർക്ക് സമാനമായ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും തീരുമാനമായി. കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുൻ എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.