
വയനാട് ദുരന്തത്തിന് നാളെ ഒരാണ്ട്; സർക്കാർ ഖജനാവിൽ നിന്ന് ചില്ലിക്കാശ് പോലും നല്‍കാതെ കെ.എൻ. ബാലഗോപാല്‍; ചെലവഴിച്ചത് ജനങ്ങൾ നൽകിയ 91 കോടി
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ – ചൂരൽമല മഹാദുരന്തത്തിന് നാളെ (ജൂലൈ 30) ഒരു വയസ്സ് തികയുമ്പോൾ, പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ സഹായം സംബന്ധിച്ച് ആശങ്കകൾ ഉയരുന്നു. ദുരന്തബാധിതർക്കായി 750 കോടിയുടെ പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതുവരെ സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുനരധിവാസത്തിനായി ഇതുവരെ ചെലവഴിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) പൊതുജനങ്ങൾ നൽകിയ സംഭാവനയിൽ നിന്നാണ്.
2024 ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടലിൽ 254 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 44 പേരെ ഇനിയും കണ്ടെത്താനാകാതെ കാണാതാവുകയും ചെയ്തിരുന്നു. 2007 വീടുകൾ പൂർണ്ണമായും തകർന്നു. 1202 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സർക്കാർ കണക്ക്. പുനർനിർമ്മാണത്തിന് 2221 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
കണക്കുകളിലെ യാഥാർത്ഥ്യം
ദുരന്തത്തിന് പിന്നാലെ, വയനാടിനായി 772.11 കോടി രൂപയാണ് ജനങ്ങൾ സി.എം.ഡി.ആർ.എഫിലേക്ക് സംഭാവനയായി നൽകിയത്. സർക്കാർ പ്രഖ്യാപിച്ച 750 കോടിയുടെ പാക്കേജിനേക്കാൾ അധികം തുക പൊതുജനങ്ങളിൽ നിന്ന് മാത്രം ലഭിച്ചു. ഈ തുകയിൽ നിന്ന് ഇതുവരെ ചെലവഴിച്ചത് വെറും 91.74 കോടി രൂപ മാത്രമാണ്. 680.37 കോടി രൂപ ഇപ്പോഴും സി.എം.ഡി.ആർ.എഫിൽ ചെലവഴിക്കാതെ കിടക്കുന്നു.

പ്രഖ്യാപിച്ച പാക്കേജിന് ആവശ്യമായതിലും അധികം തുക ജനകീയ ഫണ്ടായി ലഭിച്ചതിനാൽ, ഖജനാവിൽ നിന്ന് പണം മുടക്കേണ്ട സാഹചര്യം സർക്കാരിന് ഉണ്ടായില്ല. ദുരന്തത്തിന്റെ മുറിവുണങ്ങാതെ ഒരു വർഷം പിന്നിടുമ്പോഴും, സർക്കാർ വാഗ്ദാനം ചെയ്ത വലിയ സഹായങ്ങൾ ഇനിയും പൂർണ്ണമായി നടപ്പിലാകാത്തത് ദുരന്തബാധിതരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്.