
ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾക്ക് ചാർജ്: 5 വർഷം കൊണ്ട് സർക്കാർ ബാങ്കുകൾ നേടിയത് ₹2300 കോടിയിലേറെ
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓൺലൈൻ സേവനങ്ങൾക്ക് സർവീസ് ചാർജ് ഇനത്തിൽ ഈടാക്കിയത് 2300 കോടി രൂപയിലേറെയെന്ന് കേന്ദ്ര ധനമന്ത്രാലയം. ഉപഭോക്താക്കൾക്ക് നൽകുന്ന വിവിധ സേവനങ്ങൾക്ക് ന്യായമായ നിരക്കുകൾ ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ജൂലൈ 28-ന് ലോക്‌സഭയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള എം.പിമാരായ ഡോ. ടി. സുമതി, ഡി.എം. കതിർ ആനന്ദ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഈ കണക്കുകൾ പുറത്തുവിട്ടത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓരോ ബാങ്കിന്റെയും ഡയറക്ടർ ബോർഡിന് സേവന നിരക്കുകൾ നിശ്ചയിക്കാൻ അധികാരമുണ്ട്. എന്നാൽ ഈ നിരക്കുകൾ ന്യായമായതും, സേവനം നൽകാനാവശ്യമായ ശരാശരി ചെലവിനേക്കാൾ അധികമാകാനും പാടില്ല. കൂടാതെ, എല്ലാ നിരക്കുകളും ഉപഭോക്താക്കൾക്ക് കാണുന്ന രീതിയിൽ ബാങ്കിന്റെ വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കണമെന്നും ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
ഓൺലൈൻ സേവനങ്ങളിലൂടെ ബാങ്കുകൾ നേടിയ തുക (കഴിഞ്ഞ 5 വർഷം):
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഡെബിറ്റ് കാർഡ് ഇടപാടുകൾ, ഇന്റർനെറ്റ്/മൊബൈൽ ബാങ്കിംഗ്, ഐ.എം.പി.എസ്/എൻ.ഇ.എഫ്.ടി/ആർ.ടി.ജി.എസ് തുടങ്ങിയ ഓൺലൈൻ സേവനങ്ങളിലൂടെ പൊതുമേഖലാ ബാങ്കുകൾ നേടിയ തുകയുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:
സാമ്പത്തിക വർഷം (FY) | നേടിയ തുക (കോടി രൂപയിൽ) |
2020-21 | ₹365.03 |
2021-22 | ₹466.57 |
2022-23 | ₹485.28 |
2023-24 | ₹512.00 |
2024-25 | ₹510.05 |
ഓൺലൈൻ സേവനങ്ങൾക്ക് പുറമെ, ബാങ്ക് ശാഖകൾ വഴിയുള്ള സേവനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് ലഭിക്കുന്ന പലിശയേതര വരുമാനത്തിൽ കഴിഞ്ഞ 5 വർഷത്തിനിടെ 9.15% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ഉണ്ടായതായും സർക്കാർ വ്യക്തമാക്കി.
രൂപയുടെ മൂല്യം സ്ഥിരപ്പെടുത്താൻ വിദേശനാണ്യ ശേഖരം ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇന്ത്യൻ രൂപയുടെ മൂല്യം നിർണ്ണയിക്കുന്നത് വിപണിയാണെന്നും, അമിതമായ ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ മാത്രമാണ് ആർ.ബി.ഐ. വിപണിയിൽ ഇടപെടുന്നതെന്നും സർക്കാർ മറുപടി നൽകി.