
സെക്രട്ടേറിയറ്റിൽ ഇ-ഓഫീസ് ഹാക്കിംഗ്, ഫയലുകൾ മോഷണം; ചീഫ് സെക്രട്ടറിക്കെതിരെ തെളിവുകളുമായി പ്രശാന്ത് ഐ.എ.എസ്
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്നും, ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ഉപയോഗിച്ച് ഫയലുകൾ മോഷ്ടിക്കുകയും തിരിമറി നടത്തുകയും ചെയ്യുന്നുവെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥൻ പ്രശാന്ത് എൻ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള ഞെട്ടിക്കുന്ന ആരോപണങ്ങൾ പ്രശാന്ത് ഉന്നയിച്ചിരിക്കുന്നത്.
തന്റെ ഇ-ഓഫീസ് അക്കൗണ്ടിൽ നിന്ന് അനധികൃതമായി ഫയലുകൾ മറ്റൊരു ഉദ്യോഗസ്ഥന്റെ ഇൻബോക്സിലേക്ക് മാറ്റിയെന്നും, കോടികളുടെ അഴിമതി മറച്ചുവെക്കാൻ തന്റെ വിയോജനക്കുറിപ്പ് ഫയലിൽ നിന്ന് ഒഴിവാക്കാനായിരുന്നു ഈ ‘ഹാക്കിംഗ്’ എന്നും പ്രശാന്ത് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രശാന്തിന്റെ ആരോപണങ്ങൾ ഇങ്ങനെ:
ഒരു ഫയലിൽ താൻ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ് മന്ത്രിയുടെ മുന്നിൽ എത്താതിരിക്കാനായി, തന്റെ ഇ-ഓഫീസ് അക്കൗണ്ടിൽ നിന്ന് ഫയൽ ഡോ. ജയതിലകിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി മാറ്റി. മുൻപും സമാനമായ വിഷയത്തിൽ താൻ എഴുതിയ വിയോജനക്കുറിപ്പിനെ തുടർന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അഴിമതിക്ക് കൂട്ടുനിൽക്കാതിരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. വ്യാജരേഖകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കോടികളുടെ അഴിമതിക്ക് അനുകൂലമായ തീരുമാനം എടുപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.
ഈ സൈബർ ക്രമക്കേട് ചൂണ്ടിക്കാട്ടി 2024 മാർച്ച് 12-ന് തന്നെ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ എന്തു സംഭവിച്ചു എന്നറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ, അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നില്ലെന്നുമായിരുന്നു സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ (SPIO) മറുപടി. എന്നാൽ, ഇതേ മറുപടിയിൽ തന്നെ, തന്റെ ഇൻബോക്സിൽ നിന്ന് ഫയലുകൾ ഡോ. ജയതിലകിന്റെ ഇൻബോക്സിലേക്ക് മാറ്റിയെന്ന കാര്യം സമ്മതിക്കുന്നുമുണ്ട്. ഇത് വിചിത്രമായ നടപടിയാണെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.
പരാതി ഇല്ലെന്ന് ഔദ്യോഗികമായി മറുപടി നൽകിയെങ്കിലും, താൻ നൽകിയ പരാതിയുടെയും മറ്റ് തെളിവുകളുടെയും രേഖകൾ തന്റെ കൈവശമുണ്ടെന്നും പ്രശാന്ത് പറയുന്നു. ഈ വിഷയം പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമെന്നും, മുഴുവൻ രേഖകളുമായി ഒരു ലൈവ് സെഷൻ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവരാവകാശ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഈ സെഷനിൽ പങ്കുചേരാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
സെക്രട്ടേറിയറ്റ് ഈ-ഓഫീസ് പാസ്‌വേഡ് എന്തിന്?
ഡോ.ജയതിലകിന്റെ വ്യാജരേഖയും ഫയലിലെ ഉടായിപ്പും ആദ്യമായി പിടികൂടിയത് 12.3.2024 ൽ ആണ്. ഈ-ഓഫീസ് സംവിധാനത്തിൽ മറ്റ് ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് അക്കൗണ്ടിൽ ബാക്കെന്റിലൂടെ അനധികൃതമായി കടന്ന് കൂടുകയും ഫയലുകൾ മോഷ്ടിക്കുകയും ചെയ്യപ്പെടുന്നുണ്ട്. അതിന് വ്യാജരേഖകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ദിവസേന നൂറുകണക്കിന് ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഇത് അറിയണമെന്ന് പോലുമില്ല – രേഖയിൽ ഈ ഫയലുകൾ അവർ കണ്ട് സമർപ്പിച്ചതായി കാണിക്കും.
IT നിയമത്തിന്റെ നഗ്നമായ ഈ ലംഘനം ശിക്ഷാർഹമാണെന്ന് പ്രത്യേകം പറയണ്ടല്ലോ. Cognizable offence ആണ്. സ്വാധീനമുള്ളവർക്ക് ഉദ്യോഗസ്ഥരുടെ ഈ-ഓഫീസ് അക്കൗണ്ടും ഈ-മെയിലും ബാക്കെന്റിലൂടെ കൈവശപ്പെടുത്താൻ സൗകര്യമുണ്ടെന്നത് ഞെട്ടിക്കുന്ന അറിവായിരുന്നു. അന്ന് തന്നെ ഇത് സംബന്ധിച്ച് രേഖാമൂലം പരാതിപ്പെട്ടിട്ടുണ്ട്.
കുറേ നാളായല്ലോ, പരാതിയിൽ എന്ത് നടപടി എടുത്തു എന്നറിയാൻ വിശദമായ വിവരാവകാശ അപേക്ഷ നൽകി. അഴിമതിയും ക്രിമിനൽ ഗൂഢാലോചനയും പുറത്ത് പറഞ്ഞാൽ അത് ‘അധിക്ഷേപം’ ആണത്രെ. ആ ലോജിക് വെച്ച് വിവരാവകാശ പ്രകാരം ചില രേഖകൾ പുറത്ത് വിട്ടാൽ State Public Information Officer (SPIO) യും അധിക്ഷേപം നടത്തി എന്ന് പറയേണ്ടി വരും. അതുകൊണ്ടായിരിക്കും ‘എന്റെ കയ്യിൽ ഒന്നൂല്ല’ എന്ന് പാവം മറുപടി തന്ന് കൈച്ചിലാവുന്നത്. പാസ്‌വേഡ് ഇട്ട് ഭദ്രമാക്കിയ എന്റെ ഇൻബോക്സിൽ നിന്ന് അനധികൃതമായി ഡോ.ജയതിലകിന്റെ ഇൻ-ബോക്സിലേക്ക് മാറ്റിയ ഫയലുകളുടെ വിവരം തരാതിരിക്കാൻ നിർവ്വാഹമില്ലാത്തത് കൊണ്ട് അത് മറുപടിയിൽ പറയുന്നുമുണ്ട്! അച്ഛൻ പത്തായത്തിലില്ല എന്ന് പറയുന്നത് ഇതിലും നന്നായേനേ!!!
ഏറ്റവും പ്രഥാനം, ഒരു ഉദ്യോഗസ്ഥന്റെ അഭിപ്രായം ഫയലിൽ രേഖപ്പെടുത്തുന്നത് തടയപ്പെട്ടു എന്നതാണ്. ഈ ഫയലിൽ വർക്കിംഗ് ഗ്രൂപ്പ് ഫയലുകളാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടത്. ഞാനതിൽ ഡ്രാഫ്റ്റായി രേഖപ്പെടുത്തിയ അഭിപ്രായമുണ്ട് – അത് ഫയലിൽ വരാതിരിക്കാനായിരുന്നു ഈ വെപ്രാളം എന്നത് വകുപ്പിലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഡോ. ജയതിലക് തെറ്റായതും വസ്തുതകൾ തെറ്റായി രേഖപ്പെടുത്തുകയും തെറ്റായ തീരുമാനം എടുപ്പിക്കാനും ശ്രമിച്ച ഫയലാണിത്. ഇതേ ഫയലിൽ മുൻപും നടപടിക്രമം തെറ്റിച്ച് കോടികൾ ചെലവാക്കുന്നത് സംബന്ധിച്ച് ഡോ.ജയതിലക് എഴുതിയതിന് വിരുദ്ധമായ അഭിപ്രായം ഞാൻ എഴുതിയതും ബഹു. മന്ത്രി ശ്രീ. കെ. രാധാകൃഷ്ണൻ എന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തിട്ടുണ്ട്. അനവധി വ്യാജവും തികഞ്ഞ കള്ളങ്ങളും എഴുതി ബഹു.മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അഴിമതിക്ക് അനുകൂലമായ തീരുമാനം എടുപ്പിക്കാനുള്ള ശ്രമമായിരുന്നു. അതേ വിഷയം വീണ്ടും ബഹു.മന്ത്രിക്ക് സമർപ്പിക്കുമ്പോൾ അതിൽ ഞാൻ ഒന്നും എഴുതാതിരിക്കാൻ ഇത്രയും ശ്രദ്ധിക്കുന്നതാണ് ശരിക്കുള്ള വിഷയം. ഫയൽ പ്രിന്റ് എടുത്താൽ എല്ലാം ഓകെ ആയി തോന്നും. മറുത്തൊരു അഭിപ്രായം ഇല്ലാത്ത നീറ്റ് ഫയൽ. അതാണ് ഇതിലെ ട്രിക്.
ഈ വിവരാവകാശ മറുപടിയിൽ പറയുന്നത് ഞാൻ ഇതുമായി ബന്ധപെട്ട് അയച്ച പരാതിയൊന്നും അവിടെ ഇല്ലെന്നും ഒരന്വേഷണവും നടത്തുന്നില്ലെന്നുമാണ്. പരാതികളിൽ എന്ത് നടപടി എടുത്തെന്ന് പരാതിക്കാരനായ എന്നെ അറിയിക്കാൻ യാതൊരു ബാധ്യതയുമില്ലെന്ന് മുൻ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ അർത്ഥം പരാതി കാണാതാവും എന്നായിരുന്നോ?
കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ട്. ഇല്ലെന്ന് SPIO പറഞ്ഞ രേഖകൾ ഔദ്യോഗികമായിത്തന്നെ എന്റെ പക്കലുണ്ട്. അന്ന് തന്നെ രേഖാമൂലം എല്ലാ തെളിവുകളും, അറിഞ്ഞോ അറിയാതെയോ IT വകുപ്പ് എനിക്ക് കൈമാറിയത് പാവം SPIOക്ക് അറിയില്ലല്ലോ. ഡോ. ജയതിലക് നിർദ്ദേശിച്ചതനുസരിച്ച് വിവരാവകാശ നിയമം കേരളത്തിൽ ബാധകമല്ലാതാക്കിയോ ആവോ? ‘സിസ്റ്റം’ ഇങ്ങനെയായോ?
അപ്പോൾ പിന്നെ കാര്യങ്ങൾ ജനങ്ങൾ അറിയുന്നതാണതിന്റെ ശരി. പലരും പലവട്ടം ചോദിച്ചെങ്കിലും ഞാനീ കഥ മുഴുവനും പറഞ്ഞിട്ടില്ലല്ലൊ.
നീതിയും ന്യായവും കോടതിയിൽ മാത്രം കിട്ടുന്ന ഐറ്റം ആയി മാറണോ? ഒരു വില്ലേജ് ഓഫീസിലും, റേഷൻ കടയിലും, ആശുപത്രിയിലും, ഏതൊരു സർക്കാർ ഓഫീസിലും- എല്ലായിടത്തും ന്യായം നടക്കണ്ടേ? എന്ത് അന്യായവും ചെയ്ത് മുന്നോട്ട് പോവുകയും, മറുത്തൊരഭിപ്രായം പറഞ്ഞാൽ ‘ന്നാ താൻ പോയി കേസ് കൊട്’ എന്ന് പറയുന്ന രീതിയാണോ നമ്മൾ വിഭാവനം ചെയ്യുന്ന ‘സിസ്റ്റം’? വിവരാവകാശ സെഷനിലെ ഒരുഗ്രൻ കേസ് സ്റ്റഡിയാണിത്. മുഴുവൻ രേഖകളുമായി നമുക്ക് ലൈവ് സെഷനിൽ ഇരിക്കാം. വിവരാവകാശ സെഷനുമായി സഹകരിക്കാൻ താൽപര്യമുള്ള സന്നദ്ധസംഘടനകൾക്കും, മാധ്യമങ്ങൾക്കും, വ്യക്തികൾക്കും പങ്ക് ചേരാവുന്നതാണ്. ഈമെയിൽ: rti.sessions@gmail.com.