NewsPolitics

സതീശന്റേത് ആരും കാണിക്കാത്ത ധൈര്യം, രാഷ്ട്രീയ ജീവിതം യുഡിഎഫ് വിജയത്തിനായി ജാമ്യം വെച്ച വി.ഡിയെ പുകഴ്ത്തി പ്രമോദ് കുമാറിന്റെ കുറിപ്പ്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ അതിരുവിട്ട ആക്ഷേപത്തിന് മറുപടി നല്‍കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രശംസിച്ചും ശശി തരൂരിനെതിരെ വിമർശനം ഉന്നയിച്ചും യുഎൻഡിപിയുടെ (United Nations Development Programme) മുൻ സീനിയർ ഉപദേഷ്ടാവും കോളമിസ്റ്റുമായ പ്രമോദ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. യു.ഡി.എഫ്. അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം കേരള രാഷ്ട്രീയ ചരിത്രത്തിൽ ആരും കാണിക്കാത്ത ധൈര്യമാണെന്ന് പ്രമോദ് കുമാർ അഭിപ്രായപ്പെട്ടു.

തന്റെ രാഷ്ട്രീയ ജീവിതം തന്നെ യു.ഡി.എഫിന്റെ വിജയത്തിനായി ജാമ്യം വെക്കുകയാണ് സതീശൻ ചെയ്തതെന്ന് കുറിപ്പിൽ പറയുന്നു. ഇതൊരു വൈകാരിക പ്രകടനമല്ല, മറിച്ച് കേരളത്തിൽ വരാനിരിക്കുന്ന വലിയൊരു രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യമാണ് സതീശന് ആത്മവിശ്വാസം നൽകുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

കോൺഗ്രസ് മുന്നിൽ നിർത്തണം

കഴിഞ്ഞ രണ്ടു വർഷമായി തന്നെ ഏറ്റവും ആകർഷിച്ച നേതാവാണ് വി.ഡി. സതീശനെന്ന് പ്രമോദ് കുമാർ പറയുന്നു. “നിയമസഭയിൽ ഇത്രയേറെ തിളങ്ങിയ മറ്റൊരു ജനപ്രതിനിധിയെ അടുത്തിടെ കണ്ടിട്ടില്ല. ആ മനുഷ്യനെ വേണം പിണറായി വിജയന് പകരക്കാരനായി കോൺഗ്രസ് മുന്നിൽ നിർത്താൻ,” അദ്ദേഹം കുറിച്ചു.

രണ്ട് വർഷം മുൻപ് ശശി തരൂരിന്റെ പേരാണ് താൻ നിർദ്ദേശിക്കുമായിരുന്നത്, എന്നാൽ നിരന്തരം വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി (ഡക്ക് അടിച്ച്) തരൂർ നിരാശപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം മനസ്സിലാക്കുന്നതിലും തരൂർ പരാജയപ്പെട്ടുവെന്നും പ്രമോദ് കുമാർ രൂക്ഷമായി വിമർശിക്കുന്നു.

കമ്മ്യൂണിസ്റ്റ് വിരുദ്ധത ഫാസിസ്റ്റ് വിരുദ്ധത പോലെ

കമ്മ്യൂണിസ്റ്റ് വിരുദ്ധത ഒരു മോശം കാര്യമല്ലെന്നും, അത് ഫാസിസ്റ്റ് വിരുദ്ധത പോലെ തന്നെയാണെന്നും പ്രമോദ് കുമാർ വാദിക്കുന്നു. ഹിറ്റ്ലറും മുസ്സോളിനിയും സ്റ്റാലിനും പോൾ പോട്ടും ഒന്നായിരുന്നു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന ഏകാധിപത്യമാണ് (Electoral Autocracy) കമ്മ്യൂണിസ്റ്റ് മാതൃകയെന്നും, കേരളത്തിന് അത് ആവശ്യമില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.