
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരും പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത് നിർണായകമായ ഒരുകൂട്ടം തെളിവുകളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്താനിൽ നിർമ്മിച്ച ചോക്ലേറ്റുകൾ മുതൽ പാക് വോട്ടർ ഐഡി കാർഡ് നമ്പറുകൾ വരെ ഈ തെളിവുകളിൽ ഉൾപ്പെടുമെന്ന് അദ്ദേഹം ലോക്‌സഭയിൽ വെളിപ്പെടുത്തി.
ശ്രീനഗറിലെ ‘ഓപ്പറേഷൻ മഹാദേവി’ൽ സുരക്ഷാ സേന വധിച്ച ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും വസ്തുക്കളുമാണ് അന്വേഷണത്തിൽ നിർണായകമായത്. ഭീകരരിൽ നിന്ന് കണ്ടെടുത്ത തോക്കുകളും പഹൽഗാം ആക്രമണ സ്ഥലത്തുനിന്ന് ലഭിച്ച വെടിയുണ്ടകളും ബാലിസ്റ്റിക് പരിശോധനയിൽ ഒന്നാണെന്ന് തെളിഞ്ഞു. ഇതോടെ, കൊല്ലപ്പെട്ടവർ തന്നെയാണ് ആക്രമണം നടത്തിയതെന്ന് ശാസ്ത്രീയമായി ഉറപ്പിച്ചു.
എന്നാൽ, തെളിവുകൾ അവിടെ അവസാനിച്ചില്ല. ഭീകരരുടെ കയ്യിൽ പാകിസ്താനിൽ നിർമ്മിച്ച ചോക്ലേറ്റുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെ, ഇവരുടെ പാകിസ്താനി വോട്ടർ ഐഡി കാർഡ് നമ്പറുകളും സർക്കാരിന്റെ പക്കലുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട ഭീകരരുടെ പേരുകൾ. ഇവർക്ക് ഭക്ഷണവും താമസസൗകര്യവും നൽകിയതിന് നേരത്തെ അറസ്റ്റിലായവർ, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ട് ഇവരെ തിരിച്ചറിഞ്ഞതോടെ ഭീകരരുടെ കാര്യത്തിൽ എല്ലാ സംശയങ്ങളും അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട മൂന്നുപേരും ലഷ്കർ-ഇ-തൊയ്ബയിലെ എ-കാറ്റഗറിയിലുള്ള ഉന്നത കമാൻഡർമാരായിരുന്നു. പഴുതടച്ച അന്വേഷണത്തിലൂടെയാണ് എൻ.ഐ.എയും സുരക്ഷാ സേനയും ഭീകരരുടെ പാക് ബന്ധം സ്ഥിരീകരിച്ചതെന്നും അമിത് ഷാ സഭയെ അറിയിച്ചു.