
അമ്മായിഅമ്മയ്ക്ക് മരുമകൾക്കെതിരെ പരാതി നൽകാമെന്ന് ഹൈക്കോടതി; മുതിർന്ന പൗര നിയമത്തിൽ ‘മക്കൾ’ എന്നാൽ മരുമകളും
കൊച്ചി: മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിൽ നിർണായകമായ ഒരു വിധി പ്രസ്താവിച്ച് കേരള ഹൈക്കോടതി. മുതിർന്ന പൗര നിയമത്തിൽ (Senior Citizens Act, 2007) പറയുന്ന ‘മക്കൾ’ എന്ന നിർവചനത്തിൽ, സാഹചര്യങ്ങൾക്കനുസരിച്ച് മരുമകളെയും ഉൾപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ, താമസിക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്നാവശ്യപ്പെടുന്ന മരുമകൾക്കെതിരെ അമ്മായിഅമ്മയ്ക്ക് ഈ നിയമപ്രകാരം പരാതി നൽകാനും പരിഹാരം തേടാനും സാധിക്കും.
കുടുംബ വീട്ടിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട് മരുമകളും അമ്മായിഅമ്മയും തമ്മിലുള്ള തർക്കമാണ് സുപ്രധാനമായ വിധിയിലേക്ക് നയിച്ചത്. കുടുംബ വീടിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന മരുമകൾ, മുകളിലത്തെ നിലയിൽ അമ്മായിഅമ്മ താമസിക്കുന്നത് തടയുകയായിരുന്നു. തനിക്ക് ഗാർഹിക പീഡന നിരോധന നിയമപ്രകാരം സംരക്ഷണ ഉത്തരവുണ്ടെന്നും, അതിനാൽ അമ്മായിഅമ്മയ്ക്ക് ഈ വീട്ടിൽ താമസിക്കാൻ കഴിയില്ലെന്നുമായിരുന്നു മരുമകളുടെ വാദം. മെയിന്റനൻസ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ മരുമകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
എന്നാൽ ഈ വാദം ജസ്റ്റിസ് വി.ജി. എബ്രഹാം തള്ളി. മുതിർന്ന പൗര നിയമത്തിന്റെ ലക്ഷ്യം പ്രായമായവർക്ക് ലളിതവും വേഗത്തിലുള്ളതുമായ നീതി ഉറപ്പാക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിൽ ‘മക്കൾ’ എന്ന നിർവചനത്തിൽ മകൻ, മകൾ, ചെറുമകൻ, ചെറുമകൾ എന്നിവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഇത് ഒരു പൂർണ്ണമായ പട്ടികയല്ല. നിയമത്തിന്റെ ലക്ഷ്യം നേടുന്നതിനായി സാഹചര്യം അനുസരിച്ച് വ്യാഖ്യാനങ്ങൾ നൽകാമെന്ന് കോടതി വ്യക്തമാക്കി.
അമ്മായിഅമ്മയുടെ സ്വത്ത് കൈവശം വെക്കുകയും അവരെ താമസിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മരുമകൾ ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന തെലങ്കാന ഹൈക്കോടതിയുടെ മുൻകാല വിധി കേരള ഹൈക്കോടതി ഉദ്ധരിച്ചു. ഗാർഹിക പീഡന നിരോധന നിയമപ്രകാരം മരുമകൾക്ക് സംരക്ഷണം ഉണ്ടെങ്കിൽ പോലും, മുതിർന്ന പൗരന് സ്വന്തം വീട്ടിൽ താമസിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. രണ്ട് നിയമങ്ങളെയും സന്തുലിതമായി പരിഗണിച്ച് വേണം തീരുമാനമെടുക്കാനെന്നും കോടതി നിരീക്ഷിച്ചു.
മരുമകളുടെ ഹർജി തള്ളിയ കോടതി, അമ്മായിഅമ്മയ്ക്ക് കുടുംബ വീട്ടിലെ മുകൾനിലയിൽ താമസിക്കാൻ അനുമതി നൽകിയ മെയിന്റനൻസ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചു.