DefenceNews

കടലിനടിയിൽ ‘ഹണ്ടർ കില്ലർ’; ഇന്ത്യ നിർമ്മിക്കുന്നു ആളില്ലാ അന്തർവാഹിനികൾ, 2500 കോടിയുടെ പദ്ധതിക്ക് അനുമതി

ന്യൂഡൽഹി: സമുദ്രത്തിനടിയിലെ പോരാട്ട ശേഷിയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഇന്ത്യ. ഇന്ത്യൻ നാവികസേനയ്ക്കായി 100 ടൺ ഭാരമുള്ള എക്സ്ട്രാ-ലാർജ് ആളില്ലാ അന്തർവാഹിനികൾ (XLUUVs) നിർമ്മിക്കുന്നതിനുള്ള 2,500 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) നേതൃത്വത്തിലാണ് ഈ സ്വയംനിയന്ത്രിത അന്തർവാഹിനികൾ വികസിപ്പിക്കുന്നത്.

കടലിന്റെ ആഴങ്ങളിൽ ദീർഘനേരം നിരീക്ഷണം നടത്തുക, ശത്രുക്കളുടെ നീക്കങ്ങൾ മണത്തറിയുക, മൈനുകൾ സ്ഥാപിക്കുക, അന്തർവാഹിനികളെ കണ്ടെത്തുക തുടങ്ങിയ അതീവ നിർണായകമായ ദൗത്യങ്ങളാണ് 100 ടണ്ണിന്റെ ആളില്ലാ അന്തർവാഹിനികൾ നിർവഹിക്കുക. മനുഷ്യസാന്നിധ്യം ആവശ്യമില്ലാത്തതിനാൽ അപകടസാധ്യതകൾ ഒഴിവാക്കാമെന്നതും, ഇൻഡോ-പസഫിക് പോലുള്ള തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കാമെന്നതും ഈ പദ്ധതിയുടെ പ്രധാന ആകർഷണങ്ങളാണ്.

എന്നാൽ, ഇന്ത്യയുടെ ലക്ഷ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഈ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ, ടോർപ്പിഡോകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള 500 ടണ്ണിന്റെ ഒരു ഭീമൻ ആളില്ലാ അന്തർവാഹിനി വികസിപ്പിക്കാനും നാവികസേനയ്ക്ക് പദ്ധതിയുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ശത്രുക്കളുടെ കപ്പലുകളെയും അന്തർവാഹിനികളെയും വേട്ടയാടി നശിപ്പിക്കാൻ ശേഷിയുള്ള ഒരു ‘ഹണ്ടർ-കില്ലർ’ പ്ലാറ്റ്‌ഫോം ആയിരിക്കും ഈ 500 ടൺ ഭീമൻ. മറ്റ് അന്തർവാഹിനികൾക്കൊപ്പം പ്രവർത്തിക്കാനും, ശത്രുരാജ്യങ്ങളുടെ തീരങ്ങളോട് ചേർന്ന് അപകടകരമായ ദൗത്യങ്ങൾ നടത്താനും ഇതിന് സാധിക്കും.

ഇവയ്ക്ക് പുറമെ, തീരപ്രദേശങ്ങൾ, തുറമുഖങ്ങൾ, നാവിക താവളങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനായി 20 ടണ്ണിന്റെ ഒരു ചെറിയ ആളില്ലാ അന്തർവാഹിനിയുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. 20, 100, 500 ടൺ ശേഷിയുള്ള ഈ മൂന്ന് തരം ആളില്ലാ അന്തർവാഹിനികൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയ്ക്ക് സമാനതകളില്ലാത്ത മേൽക്കൈ നൽകും. അമേരിക്ക, ചൈന, ബ്രിട്ടൻ തുടങ്ങിയ വൻ ശക്തികൾക്കൊപ്പം ആളില്ലാ സമുദ്രാന്തര യുദ്ധരംഗത്ത് ഇന്ത്യയെ എത്തിക്കുന്ന നിർണായക ചുവടുവെപ്പാണിത്.