News

ഭീകരരെ വധിച്ചത് രാഷ്ട്രീയ നേട്ടത്തിനോ? ‘ഓപ്പറേഷൻ മഹാദേവി’ന്റെ സമയത്തെച്ചൊല്ലി സംശയം ഉന്നയിച്ച് അഖിലേഷ് യാദവ്

ന്യൂഡൽഹി: പഹൽഗാം ഭീകരരെ വധിച്ച ‘ഓപ്പറേഷൻ മഹാദേവി’ന്റെ സമയത്തെച്ചൊല്ലി സംശയമുന്നയിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പാർലമെന്റിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ചർച്ച നടക്കുന്നതിന് തൊട്ടുമുൻപ് ഭീകരരെ വധിച്ചത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണോ എന്ന് അദ്ദേഹം ലോക്സഭയിൽ ചോദിച്ചു. പഹൽഗാം ആക്രമണത്തിന് വഴിവെച്ച ഇന്റലിജൻസ് വീഴ്ചയെയും, പാകിസ്താനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെയും അഖിലേഷ് രൂക്ഷമായി വിമർശിച്ചു.

ഭീകരരെ വധിച്ചതിൽ സന്തോഷമുണ്ടെന്നും സൈന്യത്തിന്റെ നടപടിയെ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കിയ ശേഷമായിരുന്നു അഖിലേഷ് യാദവിന്റെ വിമർശനം. “ഭീകരരെ വധിച്ചതിൽ ഞങ്ങളെല്ലാം സന്തോഷിക്കുന്നു. എന്നാൽ ഇതിന്റെയെല്ലാം രാഷ്ട്രീയ നേട്ടം ആർക്കാണ്? എന്തുകൊണ്ടാണ് ഏറ്റുമുട്ടൽ ഇന്നലെ മാത്രം നടന്നത്?” അഖിലേഷ് ചോദിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞാൽ ഭീകരവാദം അവസാനിക്കുമെന്ന് അവകാശപ്പെട്ട സർക്കാരിന്റെ കാലത്തുണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. പുൽവാമയിൽ ആർ.ഡി.എക്സ്. നിറച്ച വാഹനം ഇപ്പോഴും കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യൻ സൈന്യം പാകിസ്താന്റെ ഭീകര കേന്ദ്രങ്ങൾ തകർത്ത് മുന്നേറുന്നതിനിടെ സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെയും അഖിലേഷ് യാദവ് ചോദ്യം ചെയ്തു. “ഇന്ത്യൻ സൈന്യം പാകിസ്താനെ ഒരു പാഠം പഠിപ്പിക്കുമായിരുന്നു. പിന്നെ ഭാവിയിൽ ഇന്ത്യയെ ആക്രമിക്കാൻ അവർ ധൈര്യപ്പെടില്ലായിരുന്നു. എന്തിനായിരുന്നു സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചത്?” അദ്ദേഹം ചോദിച്ചു. സൈന്യത്തിന്റെ ധീരതയിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.