
‘യൂട്യൂബ് ചാനൽ നിർത്തുന്നു’; ആരാധകരെ ഞെട്ടിച്ച് ഫിറോസ് ചുട്ടിപ്പാറ; ഇനി പുതിയ തുടക്കം
ദുബായ്: വ്യത്യസ്തമായ പാചക വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ ഫിറോസ് ചുട്ടിപ്പാറ യൂട്യൂബിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നു. ‘ഞാൻ യൂട്യൂബ് ചാനൽ നിർത്തുന്നു’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ്, ഒമ്പത് മില്യണിലധികം സബ്സ്ക്രൈബർമാരുള്ള ഫിറോസ് തന്റെ പുതിയ തീരുമാനം ആരാധകരെ അറിയിച്ചത്. യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്നും, ഒരു പുതിയ ബിസിനസ് സംരംഭത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ചുവടുവെപ്പ്: റെസ്റ്റോറന്റ് ബിസിനസ്സ്
നിലവിൽ ഷാർജയിലുള്ള ഫിറോസ്, ഒരു റെസ്റ്റോറന്റ് ബിസിനസ്സ് തുടങ്ങാനുള്ള ആലോചനയിലാണെന്ന് വീഡിയോയിൽ പറയുന്നു. “യൂട്യൂബാണ് ഇപ്പോഴത്തെ വരുമാനമാർഗം. അതിനെ മാത്രം ആശ്രയിക്കാതെ, വേറെ എന്തെങ്കിലും ബിസിനസ് ചെയ്താൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ? ഫുഡ് ബിസിനസ് കുറച്ച് റിസ്കാണ്, പക്ഷെ എന്തെങ്കിലും ചെയ്യണം. ഒരു ബ്രാൻഡ് ബിൽഡ് ചെയ്യാനാണ് ഞാൻ നോക്കുന്നത്,” ഫിറോസ് ആരാധകരോടായി ചോദിക്കുന്നു.
യൂട്യൂബ് പൂർണ്ണമായി ഉപേക്ഷിക്കുന്നില്ല
അതേസമയം, യൂട്യൂബ് പൂർണ്ണമായും ഉപേക്ഷിക്കുന്നില്ലെന്നും ഫിറോസ് വ്യക്തമാക്കിയിട്ടുണ്ട്. വലിയ, ചെലവേറിയ വീഡിയോകൾക്ക് പകരം, ഇനി ഇൻസ്റ്റഗ്രാം റീലുകൾ പോലുള്ള ചെറിയ വീഡിയോകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പാമ്പിനെയും ഒട്ടകപ്പക്ഷിയെയും പോലുള്ള വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കി ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവർന്ന ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ സംരംഭത്തെ ആകാംക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.