
കെ ഫോണ്‍ വലിയ പരാജയവും കൊടിയ അഴിമതിയും: രഞ്ജിത്ത് ബാലന്‍
സർക്കാർ ഓഫീസുകൾ പോലും കൈവിടുന്നുവെന്ന് പ്രൊഫഷണൽസ് കോൺഗ്രസ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെ-ഫോൺ പദ്ധതി വൻ പരാജയവും കൊടിയ അഴിമതിയുമാണെന്ന് ആൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രഞ്ജിത്ത് ബാലൻ. സർക്കാർ ഓഫീസുകൾ പോലും സേവനം ഉപേക്ഷിച്ച് സ്വകാര്യ ദാതാക്കളിലേക്ക് മാറാൻ അനുമതി തേടുന്നത് പദ്ധതിയുടെ സമ്പൂർണ്ണ പരാജയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
പരാജയപ്പെട്ട വാഗ്ദാനങ്ങൾ
2017-ൽ പദ്ധതി പ്രഖ്യാപിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് ഇന്റർനെറ്റ് നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ എട്ട് വർഷം കഴിഞ്ഞപ്പോൾ ആകെ നൽകാനായത് ഒരു ലക്ഷം കണക്ഷനുകൾ മാത്രമാണ്. അതിൽ 24,000 എണ്ണം സർക്കാർ ഓഫീസുകളിലാണ്. വേഗതക്കുറവും അടിക്കടിയുണ്ടാകുന്ന തടസ്സങ്ങളും കാരണം ഈ ഓഫീസുകൾ ഇപ്പോൾ കെ-ഫോൺ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. ഇത് സംസ്ഥാനത്തെ ഭരണസ്തംഭനത്തിലേക്ക് വരെ നയിക്കാമെന്നും രഞ്ജിത്ത് ബാലൻ കുറ്റപ്പെടുത്തി.
അഴിമതി ആരോപണം
1500 കോടി രൂപയുടെ ഈ പദ്ധതിയിൽ നടന്നത് കൊടിയ അഴിമതിയാണെന്ന് പ്രതിപക്ഷം തുടക്കം മുതലേ ആരോപിച്ചിരുന്നു. എഐ ക്യാമറ അഴിമതിയിൽ ഉൾപ്പെട്ട അതേ കമ്പനികൾക്ക് കെ-ഫോൺ പദ്ധതിയിലും പങ്കുണ്ടെന്ന ആരോപണം ഗൗരവതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ഒരു ‘ഫെസിലിറ്റേറ്റർ’ ആകണം
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള സ്വകാര്യ സേവനദാതാക്കൾ കുറഞ്ഞ ചെലവിൽ മികച്ച സേവനം നൽകുമ്പോൾ, സർക്കാർ കെ-ഫോൺ പോലുള്ള ഒരു ‘വെള്ളാന’യെ എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന് രഞ്ജിത്ത് ബാലൻ ചോദിച്ചു. സർക്കാർ ഒരു സേവനദാതാവാകുന്നതിന് പകരം, സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഒരു ‘ഫെസിലിറ്റേറ്റർ’ ആയി മാറുകയാണ് വേണ്ടത്. കെ-ഫോൺ പോലുള്ള പരാജയപ്പെട്ട പദ്ധതികളുടെ യഥാർത്ഥ ഇരകൾ, സർക്കാർ ഓഫീസുകളിൽ ഒരു സേവനത്തിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാധാരണക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.