
വിഎസിനെ ‘വേശ്യാലയത്തിന്റെ കാവൽക്കാരൻ’ എന്ന് വിളിച്ച SFIക്കാരി! ആലപ്പുഴ സമ്മേളനത്തിലെ ആ ‘ചിന്ത’യെക്കുറിച്ച് വെളിപ്പെടുത്തൽ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇന്നും ദുരൂഹതയായി തുടരുന്ന, 2015-ലെ ആലപ്പുഴ സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നുള്ള വി.എസ്. അച്യുതാനന്ദന്റെ ചരിത്രപരമായ ഇറങ്ങിപ്പോക്കിന് പിന്നിൽ, അദ്ദേഹത്തെ ‘വേശ്യാലയത്തിന്റെ കാവൽക്കാരൻ’ എന്ന് ഒരു യുവ നേതാവ് അധിക്ഷേപിച്ചതാണെന്ന് പുതിയ വെളിപ്പെടുത്തൽ. മാധ്യമപ്രവർത്തകയായ ശരണ്യ സ്നേഹജൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഈ സ്ഫോടനാത്മകമായ ആരോപണം.
ഫേസ്ബുക്ക് കുറിപ്പിലെ ‘ചിന്ത’
വി.എസിനെതിരെ ഒരു യുവ എസ്.എഫ്.ഐ നേതാവ് മുൻപിൻ ചിന്തയില്ലാതെ നടത്തിയ ഈ കടുത്ത പ്രയോഗം, ഉൾപ്പാർട്ടി പോരിന്റെ ഭാഗമായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. പാർട്ടി സ്ഥാപക നേതാവിനെതിരെയുള്ള അധിക്ഷേപത്തിൽ ഇടപെടണമെന്ന് വി.എസ്. വേദിയിലിരുന്ന ദേശീയ ജനറൽ സെക്രട്ടറിയോട് പലതവണ ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹം നിസ്സംഗനായി ഇരുന്നതോടെയാണ് “ചിന്താ ഭാരവും” പേറി വി.എസ്. സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് കുറിപ്പിൽ പരിഹസിക്കുന്നു. ഇവിടെ ‘ചിന്ത‘ എന്ന വാക്കിന് ഊന്നൽ നൽകിയിരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വെളിപ്പെടുത്തലുകളുടെ തുടർച്ച
വി.എസിന് ‘ക്യാപിറ്റൽ പണിഷ്മെന്റ്’ നൽകണമെന്ന് ഒരു പെൺകുട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വി.എസ്. ഇറങ്ങിപ്പോയതെന്ന് മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അതിനേക്കാൾ ക്രൂരമായ അധിക്ഷേപമാണ് നടന്നതെന്നാണ് ശരണ്യയുടെ കുറിപ്പ് സൂചിപ്പിക്കുന്നത്. വി.എസിനെ അധിക്ഷേപിച്ച ആ യുവനേതാവിന് പിന്നീട് സംസ്ഥാന കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചുവെന്നും കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

വി.എസ്. അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ, സിപിഎമ്മിലെ വിഭാഗീയതയുടെ നാളുകളിൽ അദ്ദേഹം നേരിട്ട ഒറ്റപ്പെടുത്തലിന്റെയും അപമാനത്തിന്റെയും കൂടുതൽ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശരണ്യയുടെ ഫേസ്ബുക്ക് കുറിപ്പിലെ ‘ചിന്ത‘ എന്ന പ്രയോഗം, ആ യുവ നേതാവ് ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് നൽകുന്നതെന്ന് സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
ഫേസ്ബുക്കിന്റെ കുറിപ്പിന്റെ പൂർണരൂപം :
2015 ലെ CPIM ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന്റെ പാതിവഴിയിൽ വി എസ് സമ്മേളന നഗരി വിടുന്നു ..അന്ന് അദ്ദേഹത്തെ ഏറ്റവും അപമാനിതനാക്കിയത് SFI നിരയിൽ നിന്നുള്ള ഒരു പ്രതിനിധിയുടെ പരാമർശം ആയിരുന്നു .. അവർ VS നെ വിശേഷിപ്പിച്ചത് ഇങ്ങനെ ആണ്
*വേശ്യാലയത്തിന്റെ കാവൽക്കാരൻ*
ഉൾപ്പാർട്ടി പോരുമായി ബന്ധപ്പെട്ട് VS നെ ലക്‌ഷ്യം വെച്ചുള്ള പ്രയോഗം ആയിരുന്നു ഇത് .പാർട്ടിയുടെ സ്ഥാപക നേതാവിനെതിരെ മുൻപിൻ ചിന്ത ഇല്ലാതെ നടത്തിയ ഈ കടും പ്രയോഗം ശ്രദ്ധയിൽപ്പെട്ട VS , ചർച്ച സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മറ്റിയുടെ മാര്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഇടപെടണമെന്ന്നും തൊട്ടടുത്തിരുന്ന ദേശീയ ജനറൽ സെക്രട്ടറിയോട് മൂന്നാല് തവണ അവശ്യപ്പെട്ടു .കല്ലിന് കാറ്റുപിടിച്ചപോലിരുന്ന സെക്രട്ടറിയുടെ മുന്നിലൂടെ “ചിന്താ ഭാരവും “പേറി VS അന്നിറങ്ങി .വളരെ വിഷണ്ണനായി VS ന്റെ വിലാപയാത്രയിൽ ഉടനീളം കണ്ടെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച പ്രമുഖർ ഉൾപ്പടെ വേദിയിൽ ഉണ്ടായിരിക്കെ ആയിരുന്നു ആ മടക്കം . പരസ്യമായി അപമാനിതനായ VS പിറ്റേന്ന് പുലർച്ചെ തന്നെ ആലപ്പുഴ വിട്ടു .
“VS നായി കരഞ്ഞേ മതിയാകു “എന്ന് ഈ പ്രമുഖരെ പഠിപ്പിച്ച ജനങ്ങൾ ആണ് ഇവിടെ യഥാർത്ഥ ഹീറോ

ഇന്ന് സുരേഷ് കുറുപ്പ് ഉൾപ്പടെ അന്ന് നടന്ന ചർച്ചയെ കുറിച്ച് തുറന്നു പറയുമ്പോൾ ഒരു ചൊല്ലണ് ഒര്‍മ്മ വരുന്നത്
“ആലപ്പുഴയിൽ കൊടുത്താൽ കൊല്ലത്ത് കിട്ടും”
NB : VS ന് ക്യപിറ്റൽ പണിഷ്‌മെന്റിനായി വാദിച്ച നേതാവിനെ പോലെ ഈ കുട്ടി നേതാവിനും കിട്ടി അതിവേഗം സംസ്ഥാനകമ്മറ്റിയിലേക്ക് സ്ഥാനകയറ്റം
( 2015 ലെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് റിപ്പോർട്ടിഗ് ടീമിലിരിക്കെ അന്നുണ്ടായ സംഭവങ്ങളെ സംബന്ധിച്ച് പിന്നീട് VS ൽ നിന്ന് നേരിട്ട് മനസിലാക്കാനായ കാര്യങ്ങൾ )