
കനത്ത മഴ,കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 28) അവധി
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 28, തിങ്കളാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനെ തുടർന്ന് താലൂക്കിലെ മിക്ക സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
അവധി ബാധകമായ സ്ഥാപനങ്ങൾ
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
പരീക്ഷകൾക്ക് മാറ്റമില്ല
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമൊന്നും ഉണ്ടായിരിക്കുന്നതല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തുടരുന്ന കനത്ത മഴയെ തുടർന്നാണ് കുട്ടനാട്ടിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കളക്ടറുടെ അറിയിപ്പിൽ പറയുന്നു.