
ദുബായ്: ദുബായിൽ ട്രാഫിക് നിയമം ലംഘിച്ചാൽ കിട്ടുന്ന ‘ബ്ലാക്ക് പോയിന്റി’നെക്കുറിച്ച് എല്ലാ ഡ്രൈവർമാർക്കും അറിയാം. എന്നാൽ, നിയമങ്ങൾ കൃത്യമായി പാലിച്ച് ഒരു വർഷം വാഹനം ഓടിക്കുന്നവർക്ക് ദുബായ് പോലീസ് നൽകുന്ന ‘വൈറ്റ് പോയിന്റ്’ എന്ന സമ്മാനത്തെക്കുറിച്ച് അറിയാമോ? 2012-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ മാതൃകാ ഡ്രൈവർമാർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
എന്താണ് ‘വൈറ്റ് പോയിന്റ്’? എങ്ങനെ നേടാം?
ഒരു കലണ്ടർ വർഷം മുഴുവൻ ഒരു ട്രാഫിക് നിയമലംഘനം പോലും നടത്താത്ത ദുബായ് ലൈസൻസുള്ള ഡ്രൈവർമാർക്കാണ് വൈറ്റ് പോയിന്റുകൾ ലഭിക്കുക. പോയിന്റുകൾ നേടാൻ താഴെ പറയുന്ന മൂന്ന് കാര്യങ്ങൾ ഉറപ്പുവരുത്തണം:
- ദുബായിലോ മറ്റ് എമിറേറ്റുകളിലോ ഒരു ട്രാഫിക് നിയമലംഘനവും നിങ്ങളുടെ പേരിൽ ഉണ്ടാകരുത്.
- സാലിക് (ടോൾ) പിഴകൾ ഉണ്ടാകരുത്.
- പാർക്കിംഗ് പിഴകളോ മറ്റ് ട്രാഫിക് കേസുകളോ ഉണ്ടാകരുത്.
ഈ നിബന്ധനകൾ പാലിച്ചാൽ, ഓരോ മാസവും 2 വൈറ്റ് പോയിന്റുകൾ വീതം, ഒരു വർഷം പരമാവധി 24 വൈറ്റ് പോയിന്റുകൾ വരെ നേടാം. ഇതിനായി പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല, അർഹരായവർക്ക് ഓട്ടോമാറ്റിക്കായി പോയിന്റുകൾ ലഭിക്കും.
എന്താണ് പ്രയോജനം?
നേടിയെടുത്ത വൈറ്റ് പോയിന്റുകൾക്ക് വലിയ വിലയുണ്ട്. വർഷത്തിൽ ഒരിക്കൽ താഴെ പറയുന്ന ആനുകൂല്യങ്ങൾക്കായി ഇവ ഉപയോഗിക്കാം:
- ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാം: നിങ്ങളുടെ ലൈസൻസിലുള്ള 12 ബ്ലാക്ക് പോയിന്റുകൾ വരെ വൈറ്റ് പോയിന്റുകൾ ഉപയോഗിച്ച് റദ്ദാക്കാം.
- വാഹനം പിടിച്ചുവെച്ചത് ഒഴിവാക്കാം: ട്രാഫിക് നിയമലംഘനത്തിന് പോലീസ് പിടിച്ചുവെച്ച (impound) വാഹനത്തിന്റെ 30 ദിവസം വരെയുള്ള പിഴ ഒഴിവാക്കാൻ വൈറ്റ് പോയിന്റുകൾ സഹായിക്കും.
- ചെറിയ നിയമലംഘനം റദ്ദാക്കാം: ബ്ലാക്ക് പോയിന്റില്ലാത്ത ചെറിയ ട്രാഫിക് നിയമലംഘനങ്ങളെ പൂർണ്ണമായും റദ്ദാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു വർഷത്തിനിടെ ഒരു ചെറിയ നിയമലംഘനം നടത്തിയാൽ പോലും ആ വർഷത്തെ വൈറ്റ് പോയിന്റുകൾ നഷ്ടമാകും. മറ്റൊരാളുടെ വാഹനം ഓടിക്കുമ്പോൾ നിയമലംഘനം നടത്തിയാൽ, ഡ്രൈവർക്കും വാഹന ഉടമയ്ക്കും ആ വർഷത്തെ വൈറ്റ് പോയിന്റുകൾ നഷ്ടപ്പെടും. ഒരു വർഷം പൂർത്തിയായ ശേഷം, ദുബായ് പോലീസിന്റെ 901 എന്ന നമ്പറിൽ വിളിച്ചോ, ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ നേരിട്ടെത്തിയോ നിങ്ങളുടെ വൈറ്റ് പോയിന്റ് ബാലൻസ് അറിയാം.