News

പാലോട് രവി രാജിവെച്ചു!

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തകരെ ഞെട്ടിച്ച വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ, തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി രാജിവെച്ചു. പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്നും പ്രവചിക്കുന്ന അദ്ദേഹത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് കോൺഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

വിനയായ ആ സംഭാഷണം

ഒരു പ്രാദേശിക കോൺഗ്രസ് നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പാലോട് രവിയുടെ വിവാദ പരാമർശങ്ങൾ. “തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാച്ചരക്കായി മാറും. എൽഡിഎഫിന് മൂന്നാമതും തുടർഭരണം ലഭിക്കും. തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും,” എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് പുറത്തുവന്നത്.

രാഷ്ട്രീയ കൊടുങ്കാറ്റ്

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഒരു ജില്ലാ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പരാമർശങ്ങൾ കോൺഗ്രസിനകത്ത് വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്. സംഭവം അതീവ ഗൗരവമുള്ളതാണെന്നും എഐസിസി നേതൃത്വവുമായി ആലോചിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രാജിക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. കടുത്ത നടപടി ഉറപ്പായതോടെയാണ് പാലോട് രവി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ശേഷിക്കെ, തലസ്ഥാന ജില്ലയിലെ അധ്യക്ഷന്റെ രാജി കോൺഗ്രസിന്റെ തയ്യാറെടുപ്പുകൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.