
കൊച്ചി: കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, കായൽ സൗന്ദര്യം നിറഞ്ഞ കടമക്കുടി ദ്വീപ് സമൂഹത്തിലേക്ക് ഇനി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികൾക്കും ദ്വീപ് നിവാസികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന കടമക്കുടി, പാലിയംതുരുത്ത് വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഈ വർഷം ഡിസംബറോടെ ടെർമിനലുകൾ തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വിനോദസഞ്ചാരത്തിന് പുത്തൻ ഉണർവ്
ആനന്ദ് മഹീന്ദ്രയെപ്പോലുള്ള പ്രമുഖർ പോലും കാണാൻ ആഗ്രഹിക്കുന്ന, കൊച്ചിയുടെ ഗ്രാമീണ മുഖമാണ് കടമക്കുടി. നിലവിൽ റോഡ് മാർഗ്ഗം ഇവിടേക്ക് എത്താമെങ്കിലും, വാട്ടർ മെട്രോ വരുന്നതോടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനാകും. ഇത് കടമക്കുടിയുടെ ടൂറിസം സാധ്യതകൾ പതിന്മടങ്ങ് വർധിപ്പിക്കും.
ഞണ്ടും ചെമ്മീനും കരിമീനും നിറഞ്ഞ കായൽ വിഭവങ്ങൾ രുചിക്കാനും, ദേശാടനപ്പക്ഷികളെ കാണാനും, കായലോളങ്ങളുടെ ശാന്തത ആസ്വദിക്കാനും എത്തുന്നവർക്ക് വാട്ടർ മെട്രോ യാത്ര ഒരു പുത്തൻ അനുഭവമാകും.
യാത്രാദുരിതത്തിന് അറുതി
വലിയ കടമക്കുടി, പിഴല, ചേന്നൂർ, കോതാട് തുടങ്ങി നിരവധി ചെറുദ്വീപുകളുടെ സമൂഹമായ കടമക്കുടിയിലെ ജനങ്ങളുടെ യാത്രാപ്രശ്നങ്ങൾക്കും വാട്ടർ മെട്രോ ഒരു പരിഹാരമാകും. നിലവിൽ ഹൈക്കോർട്ട്, വൈപ്പിൻ, വൈറ്റില, കാക്കനാട് തുടങ്ങിയ റൂട്ടുകളിൽ 19 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കടമക്കുടി കൂടി ഈ ശൃംഖലയുടെ ഭാഗമാകുന്നതോടെ, കൊച്ചി നഗരവുമായി ദ്വീപ് നിവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും. മുളവുകാട്, എളങ്കുന്നപ്പുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലും പുതിയ ടെർമിനലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.