
ക്ഷാമബത്ത ഫയൽ ധനമന്ത്രിയുടെ കയ്യിൽ; നിർണായക ഇ-ഫയൽ നീക്കം മലയാളം മീഡിയ ലൈവിന്; പ്രഖ്യാപനം ഉടൻ?
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുന്ന ക്ഷാമബത്ത (DA) വർധനവിനുള്ള ഫയലിൽ നിർണായക നീക്കം. 3 ശതമാനം ക്ഷാമബത്ത അനുവദിക്കുന്നതിനുള്ള ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പരിഗണനയ്ക്ക് എത്തിയതായി ഇ-ഫയൽ രേഖകൾ വ്യക്തമാക്കുന്നു. ഇതോടെ, വർധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.
ഇ-ഫയൽ നീക്കങ്ങൾ ഇങ്ങനെ
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ക്ഷാമബത്ത അനുവദിക്കുന്ന ഫയൽ ഇന്നലെ (ജൂലൈ 25) വൈകുന്നേരം 5.20-ന് ധനമന്ത്രിക്ക് കൈമാറി. 5.36-ന് തന്നെ മന്ത്രി ഈ ഫയൽ തുടർനടപടികൾക്കായി തന്റെ പേഴ്സണൽ സ്റ്റാഫിന് കൈമാറിയതായും ഇ-ഫയൽ രേഖകൾ കാണിക്കുന്നു.

കുടിശ്ശിക ഇത്തവണയും ഇല്ല
2022 ജൂലൈ മുതൽ പ്രാബല്യമുള്ള ഡിഎ ഗഡുവാണ് ഇപ്പോൾ അനുവദിക്കാൻ പോകുന്നത്. എന്നാൽ, മുൻപ് മൂന്ന് തവണ അനുവദിച്ചപ്പോഴും എന്നപോലെ, ഇത്തവണയും കുടിശ്ശിക പണമായി നൽകില്ല. അതായത്, 2022 ജൂലൈ മുതലുള്ള ക്ഷാമബത്ത വർധനവിന്റെ വലിയൊരു തുക ജീവനക്കാർക്ക് ലഭിക്കില്ല. പ്രഖ്യാപനം വരുന്ന മാസം മുതലുള്ള ശമ്പളത്തിൽ മാത്രമേ ഈ വർധനവ് പ്രതിഫലിക്കൂ.
കേന്ദ്രം അടുത്ത ഡിഎ ഗഡു പ്രഖ്യാപിക്കുന്നതോടെ കേരളത്തിലെ കുടിശ്ശിക ഏഴായി ഉയരും. ഇത് ഒഴിവാക്കി, കുടിശ്ശികയുടെ എണ്ണം ആറായി നിലനിർത്താനാണ് സർക്കാർ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഐഎഎസ്, ഐപിഎസ്, ജുഡീഷ്യൽ ഉദ്യോഗസ്ഥർ തുടങ്ങിയ ഉന്നത വിഭാഗങ്ങൾക്ക് ഡിഎയും കുടിശ്ശികയും കൃത്യമായി ലഭിക്കുന്നുമുണ്ട്. ഇത് സാധാരണ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.