
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനാകാൻ സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ് (Xavi Hernandez) അപേക്ഷ നൽകിയെന്ന വാർത്തയിൽ നാടകീയ വഴിത്തിരിവ്. സാവിയുടേതെന്ന പേരിൽ വന്ന ഇ-മെയിൽ ഒരു 19-കാരനായ ഇന്ത്യൻ യുവാവിന്റെ വ്യാജസൃഷ്ടിയാണെന്നും, ഈ ചതിയിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) വീണുപോയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വെള്ളിയാഴ്ചയാണ് ബാഴ്സലോണയുടെ മുൻ പരിശീലകൻ കൂടിയായ സാവി, ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് എഐഎഫ്എഫിന് ഇ-മെയിൽ അയച്ചതായി വാർത്തകൾ വന്നത്. എഐഎഫ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ വലിയ ആവേശത്തിലായിരുന്നു.
എന്നാൽ, ശനിയാഴ്ചയോടെ സ്പാനിഷ് മാധ്യമങ്ങൾ ഈ വാർത്ത നിഷേധിച്ചു. ഇതിന് പിന്നാലെയാണ് സാവിയുടെ പേരിൽ നിർമ്മിച്ച ഒരു വ്യാജ ഇ-മെയിലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ഒരു 19-കാരൻ നിർമ്മിച്ച വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്ന് എഐഎഫ്എഫിന് അയച്ച അപേക്ഷയാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
യഥാർത്ഥ പരിശീലകനെ തേടി
ഇന്ത്യൻ ഫുട്ബോൾ ടീം കഴിഞ്ഞ ഒൻപത് വർഷത്തെ ഏറ്റവും താഴ്ന്ന ഫിഫാ റാങ്കിംഗായ 133-ലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് പുതിയ പരിശീലകനായുള്ള തിരച്ചിൽ നടക്കുന്നത്. സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ ടാർക്കോവിച്ച്, ഖാലിദ് ജമീൽ എന്നിവരാണ് എഐഎഫ്എഫിന്റെ അന്തിമ ചുരുക്കപ്പട്ടികയിലുള്ളത്. ഇതിൽ, ഖാലിദ് ജമീലിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
170 അപേക്ഷകളാണ് പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത്. ഇതിനിടയിൽ സംഭവിച്ച ഈ വ്യാജ ഇ-മെയിൽ വിവാദം, എഐഎഫ്എഫിന്റെ ഔദ്യോഗിക നടപടിക്രമങ്ങളിലെ പിഴവുകളിലേക്കും വിശ്വാസ്യതയിലേക്കും വിരൽ ചൂണ്ടുന്നതാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.