DefenceNews

‘രാഷ്ട്രമാണ് ആദ്യം, സ്വാർത്ഥരാകരുത്’; കാർഗിലിൽ ഭർത്താവിനെ നഷ്ടമായി, ഏകമകനെ സൈന്യത്തിനയച്ച് വീരപത്നി

ജയ്പൂർ: “നമ്മൾ ആദ്യം ചിന്തിക്കേണ്ടത് രാജ്യത്തെക്കുറിച്ചാണ്, അതിനെ സംരക്ഷിക്കണം. നമുക്ക് സ്വാർത്ഥരാകാൻ കഴിയില്ല,” – 26 വർഷം മുൻപ് കാർഗിൽ യുദ്ധത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട വിനോദ് കൻവർ എന്ന വീരപത്‌നിയുടെ വാക്കുകളാണിത്. 20-ാം വയസ്സിൽ വൈധവ്യം അനുഭവിക്കേണ്ടി വന്നിട്ടും, തന്റെ ഏക മകനെ രാജ്യസേവനത്തിനായി ഇന്ത്യൻ സൈന്യത്തിലേക്ക് അയച്ചതിന്റെ അഭിമാനമാണ് 46-കാരിയായ ഈ അമ്മയുടെ വാക്കുകളിൽ നിറയുന്നത്.

26-ാമത് കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ച് ജയ്പൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിനോദ് കൻവർ. 1999 ജൂലൈ 10-ന് പോയിന്റ് 4700 തിരിച്ചുപിടിക്കുന്നതിനിടെയാണ് വിനോദിന്റെ ഭർത്താവും 7 പാരാ ബറ്റാലിയനിലെ സൈനികനുമായിരുന്ന നായിക് ഭൻവർ റാത്തോഡ് വീരമൃത്യു വരിച്ചത്. അന്ന് മകൻ തേജ്‌വീർ റാത്തോഡിന് പ്രായം ആറ് മാസം മാത്രം.

“അവന് അച്ഛനെ കാണാൻ പോലും ഭാഗ്യമുണ്ടായില്ല. പക്ഷെ, അവനെ സൈന്യത്തിലേക്ക് അയക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല,” വിനോദ് പറയുന്നു. തേജ്‌വീർ ഇപ്പോൾ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (IMA) പരിശീലനത്തിലാണ്.

ഇത് ഒരു പാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണ്. “എന്റെ അച്ഛൻ ഒരു സൈനികനായിരുന്നു, ഭർത്താവ് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചു, ഇപ്പോൾ എന്റെ മകനും രാജ്യത്തെ സേവിക്കാൻ പോകുന്നു. ഇത് ഞങ്ങളുടെ കുടുംബത്തിലെ മൂന്നാം തലമുറയാണ്,” അവർ അഭിമാനത്തോടെ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ വിയോഗം വേദനയാണെങ്കിലും, രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ ത്യാഗത്തിൽ എന്നും അഭിമാനിക്കുന്നുവെന്നും വിനോദ് കൻവർ പറഞ്ഞു.

1999-ൽ മൂന്ന് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ജൂലൈ 26-നാണ് കാർഗിൽ വിജയ ദിവസ് ആചരിക്കുന്നത്.