News

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; ഗുരുതര വീഴ്ചയെന്ന് എഡിജിപി

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥർക്ക് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച ജയിൽ വകുപ്പ് മേധാവി എഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായയാണ് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം വ്യക്തമായ ആസൂത്രണത്തോടെയായിരുന്നുവെന്നും, സംഭവം പുറത്തറിയാൻ വൈകിയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. “ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആരെയും കുറ്റപ്പെടുത്തുന്നില്ല. പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാനായത് വലിയ ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും,” അദ്ദേഹം വ്യക്തമാക്കി.

പുലർച്ചെ നാലരയോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും എഡിജിപി കൂട്ടിച്ചേർത്തു. വിവരം പോലീസിനെ അറിയിക്കാൻ വൈകിയെങ്കിലും പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.