News

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍! മണിക്കൂറുകൾ നീണ്ട ഉദ്വേഗത്തിന് വിരാമം

കണ്ണൂർ: കേരളത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. വെള്ളിയാഴ്ച പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ, മണിക്കൂറുകൾ നീണ്ട വ്യാപകമായ തിരച്ചിലിനൊടുവിൽ കണ്ണൂർ തളാപ്പ് ഭാഗത്തുനിന്നാണ് പോലീസ് കണ്ടെത്തിയത്. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ പോലീസും പൊതുജനങ്ങളും നടത്തിയ തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്.

Govindachamy captured

പുലർച്ചെ 1:15-ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സെല്ലിലെ കമ്പി മുറിച്ച ശേഷം തുണികൾ കൂട്ടിക്കെട്ടി വടമാക്കി കൂറ്റൻ മതിൽ ചാടിക്കടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രാവിലെ ഏഴ് മണിയോടെ ജയിൽ അധികൃതർ വിവരം സ്ഥിരീകരിച്ചതോടെ പോലീസ് വൻ തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതി നഗരം വിട്ടുപോകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.

സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് തമിഴ്‌നാട് വിരുദാചലം സ്വദേശിയായ ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ മോഷണക്കേസുകളുണ്ട്. ജയിൽ ചാടിയതിന് ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടിയതോടെ ജയിൽ അധികൃതരും നഗരവാസികളും ആശ്വാസത്തിലാണ്. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടക്കും.