
ആശാ വർക്കർമാർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; പ്രതിമാസ ഇൻസെന്റീവിൽ 1500 രൂപയുടെ വർധനവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ. ആശാ വർക്കർമാരുടെ പ്രതിമാസ ഇൻസെന്റീവും വിരമിക്കൽ ആനുകൂല്യവും കേന്ദ്രം വർധിപ്പിച്ചു. ഇതോടെ, കേന്ദ്ര വിഹിതമായ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായി ഉയരും. 1500 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. പത്ത് വർഷം സേവനം പൂർത്തിയാക്കി പിരിഞ്ഞുപോകുന്നവർക്കുള്ള വിരമിക്കൽ ആനുകൂല്യം 20,000 രൂപയിൽ നിന്ന് 50,000 രൂപയായും ഉയർത്തിയിട്ടുണ്ട്.
സമരമുഖത്ത് ആശ്വാസം
സംസ്ഥാന സർക്കാർ ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആശാ വർക്കർമാർ ദിവസങ്ങളായി തലസ്ഥാനത്ത് സമരം തുടരുകയാണ്. സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ ഇടപെടൽ എന്നത് ശ്രദ്ധേയമാണ്.
ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അനുകൂല തീരുമാനം വരുന്നത്. കേന്ദ്ര പ്രഖ്യാപനം സമരത്തിന് കൂടുതൽ കരുത്ത് പകരുമെന്നും സംസ്ഥാന സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുമെന്നും സമരസമിതി നേതാക്കൾ പ്രതികരിച്ചു.