News

ഉറങ്ങുന്ന ഫയലുകൾ! വി.എസിന്റെ കാലത്ത് കെട്ടി കിടന്നത് 4.9 ലക്ഷം ഫയലുകൾ; പിണറായിയുടെ കാലത്ത് 18 ലക്ഷം ഫയലുകളും

വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി കസേരയിൽ നിന്നിറങ്ങുമ്പോൾ കെട്ടി കിടന്നത് 4.9 ലക്ഷം ഫയലുകൾ. സെക്രട്ടറിയേറ്റിൽ കെട്ടി കിടന്നത് 1.4 ലക്ഷം ഫയലുകൾ ആയിരുന്നെങ്കിൽ വിവിധ വകുപ്പുകളിൽ കെട്ടി കിടന്നത് 3.5 ലക്ഷം ഫയലുകളായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായതിന് ശേഷം നൂറു ദിവസത്തെ കർമ പരിപാടിയിൽ ഉൾപ്പെടുത്തി നിയമപരമായി തടസമില്ലാത്ത ഫയലുകൾ തീർപ്പാക്കുകയായിരുന്നു.

അതേ സമയം ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രസംഗിച്ച് ഭരണം തുടങ്ങിയ പിണറായിയുടെ ഭരണത്തിൽ ഫയലുകൾ ഉറങ്ങുന്ന കൊട്ടാരമായി സെക്രട്ടറിയേറ്റും സർക്കാർ സ്ഥാപനങ്ങളും മാറി. 3.18 ലക്ഷം ഫയലുകൾ ആണ് സെക്രട്ടറിയേറ്റിൽ കെട്ടി കിടക്കുന്നതെങ്കിൽ വിവിധ വകുപ്പിൽ കെട്ടി കിടക്കുന്നത് 15 ലക്ഷം ഫയലുകളാണ്. 18 ലക്ഷത്തോളം ഫയലുകൾ പിണറായിയുടെ കാലത്ത് ഉറങ്ങുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കെട്ടികിടക്കുന്ന ഫയലുകളുടെ കണക്ക് പുറത്ത് വരുമ്പോൾ പിണറായി ഇടക്ക് ഇടക്ക് ഫയൽ അദാലത്ത് പ്രഖ്യാപിക്കും. ഒന്ന് രണ്ട് ദിവസം ഫയലുകളിൽ അനക്കം ഉണ്ടാകും. പിന്നെ കാര്യങ്ങൾ എല്ലാം തഥൈവ. അമേരിക്കയിൽ ചികിൽസക്ക് പോകുന്നതിന് മുൻപ് മുഖ്യമന്ത്രി വീണ്ടും ഫയൽ അദാലത്ത് പ്രഖ്യാപിച്ചു. അദാലത്ത് ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴും, 50 ഡയറക്ടറേറ്റുകളും 10 സെക്രട്ടേറിയറ്റ് വകുപ്പുകളും ഫയലുകളുടെ വിവരങ്ങൾ പോലും നൽകാതെ പദ്ധതിയെ പൂർണ്ണമായി അവഗണിച്ചു. വിവരങ്ങൾ നൽകിയ വകുപ്പുകളാകട്ടെ, വെറും 4% ഫയലുകൾ മാത്രമാണ് തീർപ്പാക്കിയത്. ഫയൽ അദാലത്ത് പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നുവെന്ന് വ്യക്തം.