
ഭർത്താവിനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കുടുംബ വഴക്കിന്റെ പേരിൽ മുൻ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഒന്നിലധികം കേസുകൾ നൽകി പീഡിപ്പിച്ച ഐപിഎസ് ഉദ്യോഗസ്ഥയോട് പരസ്യമായി മാപ്പ് പറയാൻ സുപ്രീം കോടതിയുടെ അസാധാരണ ഉത്തരവ്. യുവതിയും മാതാപിതാക്കളും ചേർന്ന് പ്രമുഖ ഇംഗ്ലീഷ്, ഹിന്ദി ദിനപത്രങ്ങളിലും, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഖേദപ്രകടനം നടത്തണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. യുവതി നൽകിയ കേസുകളിൽ ഭർത്താവിന് 109 ദിവസവും, ഭർതൃപിതാവിന് 103 ദിവസവും ജയിലിൽ കഴിയേണ്ടി വന്നിരുന്നു. ഇത് കുടുംബത്തിന് വലിയ ശാരീരിക, മാനസിക ആഘാതമുണ്ടാക്കിയെന്ന് കോടതി നിരീക്ഷിച്ചു.
‘നഷ്ടം നികത്താനാവാത്തത്’
“അവർ അനുഭവിച്ച ദുരിതങ്ങൾക്ക് ഒരു തരത്തിലും നഷ്ടപരിഹാരം നൽകാനാവില്ല,” എന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി, മൂന്ന് ദിവസത്തിനകം നിരുപാധികമായ ക്ഷമാപണം പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടത്. അതേസമയം, ഈ ക്ഷമാപണം ഒരു കുറ്റസമ്മതമായി കണക്കാക്കരുതെന്നും, ഇത് മറ്റ് നിയമപരമായ നടപടികളെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിന്റെ നാൾവഴികൾ
2015-ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകളുണ്ട്. 2018-ൽ ഇരുവരും വേർപിരിഞ്ഞതിന് ശേഷം, പരസ്പരം നിരവധി സിവിൽ, ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുകയായിരുന്നു. ഈ കേസുകളെല്ലാം റദ്ദാക്കിയ കോടതി, ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ഇവരുടെ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.
കുട്ടിയുടെ സംരക്ഷണം അമ്മയ്ക്കായിരിക്കുമെന്നും, അച്ഛനും കുടുംബത്തിനും കുട്ടിയെ സന്ദർശിക്കാൻ അവകാശമുണ്ടായിരിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടില്ലെന്ന് യുവതി കോടതിയെ അറിയിച്ചിട്ടുണ്ട്.