
പറക്കും ടാങ്കുകൾ: മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തി
ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ ആകാശയുദ്ധത്തിലെ ശേഷി പതിന്മടങ്ങ് വർധിപ്പിച്ചുകൊണ്ട്, അമേരിക്കൻ നിർമ്മിത എഎച്ച്-64ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. മൂന്ന് ഹെലികോപ്റ്ററുകളാണ് ആദ്യ ബാച്ചിൽ എത്തിയത്. “ഇന്ത്യൻ സൈന്യത്തിന് ഇതൊരു നാഴികക്കല്ലാണ്. ഈ അത്യാധുനിക പ്ലാറ്റ്‌ഫോമുകൾ കരസേനയുടെ പ്രവർത്തന ശേഷി ഗണ്യമായി വർധിപ്പിക്കും,” എന്ന് സൈന്യം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് അപ്പാച്ചെ. അമേരിക്കൻ സൈന്യമാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ.

6 ഹെലികോപ്റ്ററുകൾക്ക് 4,168 കോടിയുടെ കരാർ
2020-ൽ അമേരിക്കൻ കമ്പനിയായ ബോയിംഗുമായി ഒപ്പുവെച്ച കരാർ പ്രകാരമാണ് കരസേനയ്ക്കായി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. 4,168 കോടി രൂപയുടെ ഈ കരാർ പ്രകാരമുള്ള ഹെലികോപ്റ്ററുകളുടെ കൈമാറ്റം 2024-ൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ ആദ്യ ബാച്ചാണ് ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ബോയിംഗ് ഇതിനോടകം കൈമാറിയിട്ടുണ്ട്. ഇതിന് പുറമെയാണ് കരസേനയുടെ വ്യോമയാന വിഭാഗത്തിന് വേണ്ടി പുതിയ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്.