
സൗദിക്ക് മണൽ ക്ഷാമം: ഓസ്‌ട്രേലിയയിൽ നിന്ന് ഇറക്കുമതി! കാരണം ഇതാണ്
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ സൗദി അറേബ്യ, ഓസ്‌ട്രേലിയയിൽ നിന്ന് മണൽ ഇറക്കുമതി ചെയ്യുന്നുവെന്ന വാർത്ത പലർക്കും വിചിത്രമായി തോന്നാം. എന്നാൽ, ഇതിന് പിന്നിൽ വ്യക്തമായ ശാസ്ത്രീയവും നിർമ്മാണപരവുമായ കാരണങ്ങളുണ്ട്. സൗദിയുടെ ‘വിഷൻ 2030‘ പോലുള്ള ബൃഹത്തായ നിർമ്മാണ പദ്ധതികൾക്ക് മരുഭൂമിയിലെ മണൽ പര്യാപ്തമല്ലാത്തതാണ് ഈ അസാധാരണ ഇറക്കുമതിക്ക് പിന്നിൽ.
എന്തുകൊണ്ട് മരുഭൂമിയിലെ മണൽ പോരാ?
സൗദിയിലെ മരുഭൂമികളിൽ മണലിന് ക്ഷാമമില്ലെങ്കിലും, ഈ മണൽ കോൺക്രീറ്റ് നിർമ്മാണത്തിന് അനുയോജ്യമല്ല. ആയിരക്കണക്കിന് വർഷങ്ങളായി കാറ്റേറ്റ്, ഇവിടുത്തെ മണൽത്തരികൾ വളരെ മിനുസമുള്ളതും ഉരുണ്ടതുമായി മാറി. എന്നാൽ, കോൺക്രീറ്റ് നിർമ്മാണത്തിന് വേണ്ടത് സിമന്റുമായി ചേർന്ന് ശക്തമായ ഒരു മിശ്രിതം ഉണ്ടാക്കാൻ കഴിയുന്ന, പരുക്കനും കോണുകളുള്ളതുമായ മണലാണ്. ഇത്തരം മണൽ സാധാരണയായി ലഭിക്കുന്നത് നദികൾ, തടാകങ്ങൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ്.
ഓസ്‌ട്രേലിയൻ മണലിന്റെ പ്രാധാന്യം
ഉയർന്ന നിലവാരമുള്ള സിലിക്ക, നിർമ്മാണ മണൽ എന്നിവയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരാണ് ഓസ്‌ട്രേലിയ. 2023-ൽ മാത്രം 1,40,000 ഡോളറിന്റെ (ഏകദേശം 1.16 കോടി രൂപ) നിർമ്മാണത്തിനുള്ള മണലാണ് സൗദി ഓസ്‌ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്തത്. സൗദിയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായുള്ള നിയോം സിറ്റി പോലുള്ള മെഗാ പ്രോജക്റ്റുകൾക്ക് ഉയർന്ന നിലവാരത്തിലുള്ള നിർമ്മാണ സാമഗ്രികൾ അത്യാവശ്യമാണ്. ഈ ആവശ്യം നിറവേറ്റാനാണ് സൗദി ഓസ്‌ട്രേലിയയെ ആശ്രയിക്കുന്നത്.
ആഗോള മണൽ പ്രതിസന്ധി
സൗദിയും യുഎഇയും പോലുള്ള ഗൾഫ് രാജ്യങ്ങൾ മണൽ ഇറക്കുമതി ചെയ്യുന്നത്, ലോകം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലോകം ഒരു ‘മണൽ പ്രതിസന്ധി’യെ അഭിമുഖീകരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) മുന്നറിയിപ്പ് നൽകുന്നു. അനിയന്ത്രിതമായ മണൽ ഖനനം നദികളുടെ നാശം, ആവാസവ്യവസ്ഥയുടെ തകർച്ച തുടങ്ങിയ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഇതിന് പരിഹാരമായി, പാറ പൊടിച്ച് നിർമ്മിക്കുന്ന എം-സാൻഡ് (M-sand) പോലുള്ള ബദലുകൾ പല രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സൗദി അറേബ്യയും ഈ രംഗത്ത് ഗവേഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും, നിലവിലെ കൂറ്റൻ നിർമ്മാണ പദ്ധതികൾക്ക് ഇറക്കുമതിയെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല.