
ശമ്പള പരിഷ്കരണം വൈകുന്നതിൽ സർക്കാരിനെതിരെ ജീവനക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം: “തേങ്ങയരച്ചൊരു മത്തിക്കറി കൂട്ടിയ കാലം പോലും മറന്നുപോയിരിക്കുന്നു!” – ശമ്പള പരിഷ്കരണം ഒരു വർഷം വൈകുന്നതിലും, ക്ഷാമബത്ത കുടിശ്ശിക കുമിഞ്ഞുകൂടുന്നതിലും പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സർക്കാരിന് അയച്ച തുറന്ന കത്തിലെ വാക്കുകളാണിത്. വിലക്കയറ്റത്തിൽ സാധാരണക്കാർക്കൊപ്പം തങ്ങളും പൊറുതിമുട്ടുകയാണെന്നും, സർക്കാർ ജീവനക്കാരെ അവഗണിക്കുന്ന നയം തിരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ഒരു വർഷം വൈകിയ ശമ്പള പരിഷ്കരണം
2024 ജൂലൈ 1-ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന 12-ാം ശമ്പള പരിഷ്കരണം, ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഒരു ശമ്പള കമ്മീഷനെ പോലും നിയമിക്കാത്തത് സർക്കാരിന്റെ കടുത്ത അനാസ്ഥയാണെന്നും, മുൻ സർക്കാരുകൾ സ്വീകരിച്ചിരുന്ന കീഴ്‌വഴക്കങ്ങളുടെ ലംഘനമാണിതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
മുൻ ശമ്പള കമ്മീഷനുകൾ
ശമ്പള പരിഷ്കരണ കമ്മീഷൻ | പ്രാബല്യ തീയതി | ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് നമ്പരും തീയതിയും | റിപ്പോർട്ട് സമർപ്പിച്ച തീയതി |
I | 01.04.1958 | G.P.No.Fin. (ED) 1-11487/57, 04.09.1957 | 22.06.1958 |
II | 01.07.1968 | G.O(P)No.856/68/Fin, 09.07.1968 | 10.05.1969 |
III | 01.07.1978 | G.O.(P)346/77/Fin, 09.09.1977 | 11.09.1978 |
IV | 01.07.1983 | G.O.(MS)No.223/83/(493)/Fin., 29.04.1983 | 30.06.1984 |
V | 01.07.1988 | G.O.(Ms)No.1099/87(185/)Fin, 21.12.1987 | 31.05.1989 |
VI | 01.03.1992 | G.O.(Ms)227/92/Fin, 07.03.1992 | …08.1992 |
VII | 01.03.1997 | G.O.(Ms) No.251/(125)/97/Fin., 18.02.1997 | 15.05.1998 |
VIII | 01.07.2004 | G.O.(Ms)No.115/2005/Fin, 14.03.2005 | 22.02.2006 |
IX | 01.07.2009 | G.O.(Ms)No.81/2010/Fin., 20.02.2010 | 31.12.2010 |
X | 01.07.2014 | G.O.(Ms)No.583/2013/Fin, 30.11.2013 & G.O.(Ms)No.79/2014/Fin, 22.02.2014 | 13.07.2015 (Part I) & 31.12.2015 (Part II) |
XI | 01.07.2019 | G.O.(Ms)No.414/2019/Fin, 06.11.2019 | 29.01.2021 |
XII | 01.07.2024 | ?????? | ?? |
കുടിശ്ശികയുടെ പെരുമഴ
ശമ്പള പരിഷ്കരണത്തിന് പുറമെ, ക്ഷാമബത്ത (DA), അവധി സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങളും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്ന് കത്തിൽ പറയുന്നു.
- ഡിഎ കുടിശ്ശിക: ആറര വർഷമായി ക്ഷാമബത്ത കൃത്യമായി ലഭിക്കുന്നില്ല. ഏഴ് ഗഡു ഡിഎ പൂർണ്ണമായും കുടിശ്ശികയാണ്.
- അവധി സറണ്ടർ: അവധി സറണ്ടർ മരവിപ്പിച്ചിട്ട് ആറ് വർഷമായി.
- 2019-ലെ ശമ്പള പരിഷ്കരണ കുടിശ്ശിക: 11-ാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക പോലും ഇനിയും പൂർണ്ണമായി ലഭിച്ചിട്ടില്ല.
‘ഒരു പന്തിയിൽ പലതരം ഭോജനം’
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പിഎസ്‌സി അംഗങ്ങൾ എന്നിവർക്ക് മാത്രം ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൃത്യമായി നൽകുമ്പോൾ, സാധാരണ സർക്കാർ ജീവനക്കാരോട് വിവേചനം കാണിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. “ഒരു പന്തിയിൽ പലതരം ഭോജനം എന്ന തരത്തിൽ സർക്കാർ പിൻതുടരുന്ന ഈ ഭരണഘടനാ വിരുദ്ധമായ വിവേചനം ഉടനടി അവസാനിപ്പിക്കണം,” എന്ന് കത്തിൽ ആവശ്യപ്പെടുന്നു.
ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ, ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ്, ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ എന്നിവർ അറിയിച്ചു.