
ക്ഷാമബത്ത കുടിശ്ശിക: ജീവനക്കാർക്ക് നഷ്ടം, ഖജനാവിന് 3276 കോടിയുടെ ‘നേട്ടം’
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശിക 22 ശതമാനത്തിലേക്ക് കുതിക്കുന്നു. നിലവിൽ 18 ശതമാനമാണ് കുടിശ്ശിക. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള പുതിയ ഡിഎ വർധന ഉടൻ പ്രഖ്യാപിക്കുമെന്നിരിക്കെയാണ് കേരളത്തിലെ കുടിശ്ശികയുടെ ഭാരം വീണ്ടും വർധിക്കുന്നത്.
ക്ഷാമബത്ത നൽകാത്തതിലൂടെ ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ മാത്രം 3276 കോടി രൂപയാണ് സർക്കാർ ഖജനാവിൽ ‘ലാഭിച്ചത്’. ഒരു ശതമാനം ക്ഷാമബത്ത നൽകാൻ സർക്കാരിന് പ്രതിമാസം 26 കോടി രൂപയാണ് വേണ്ടത്.
കുടിശ്ശികയിൽ കേരളം ‘നമ്പർ വൺ’
രാജ്യത്ത് ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. 2022 ജനുവരിയിലെ ക്ഷാമബത്തയാണ് സംസ്ഥാന ജീവനക്കാർക്ക് അവസാനമായി ലഭിച്ചത്. കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം വെറും മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ് അനുവദിച്ചത്, അതും കുടിശ്ശികയില്ലാതെ. ഇത് വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഓരോ ജീവനക്കാരനും ഉണ്ടായത്.
നിയമസഭയിലും മൗനം
ക്ഷാമബത്തയെക്കുറിച്ച് 2025 ഫെബ്രുവരി 10-ന് പി.സി. വിഷ്ണുനാഥ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് അഞ്ച് മാസം പിന്നിട്ടിട്ടും ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകിയിട്ടില്ല. വർധിച്ചുവരുന്ന വിലക്കയറ്റത്തിനിടയിൽ ക്ഷാമബത്ത കൂടി ലഭിക്കാത്തത് സാധാരണക്കാരായ ജീവനക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഭാഗ്യവാന്മാർ ഇവർ മാത്രം
കേരളത്തിൽ ക്ഷാമബത്ത കൃത്യമായി ലഭിക്കുന്നത് മൂന്ന് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ്. ഐഎഎസ്, ഐപിഎസ് ഉൾപ്പെടെയുള്ള അഖിലേന്ത്യാ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പിഎസ്‌സി ചെയർമാനും അംഗങ്ങളും. ഇവർക്ക് കുടിശ്ശിക പണമായി നൽകുകയും ചെയ്യുന്നുണ്ട്. ഈ ‘ഇരട്ടനീതി’ക്കെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.