
പെൻഷൻ കമ്പനിക്ക് 23000 കോടി കടം! ക്ഷേമ പെൻഷൻ അവകാശം ആക്കുമോ? പ്രതീക്ഷയോടെ സാധാരണക്കാർ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ അവകാശം ആക്കുമോ? 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉറ്റുനോക്കുകയാണ് ക്ഷേമ പെൻഷൻകാർ. 2021 ലെ എൽ.ഡി.എഫ് പ്രകടന പത്രികയിൽ ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. 3000 രൂപയാക്കുമെന്നാണ് യു.ഡി.എഫ് പ്രകടന പത്രിക വാഗ്ദാനം.
എന്നാൽ, തുടർഭരണം കിട്ടി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും ക്ഷേമ പെൻഷനിൽ 100 രൂപയുടെ വർധന പോലും വരുത്താൻ പിണറായി സർക്കാർ തയ്യാറായില്ല. 2021-22 ലെ പുതുക്കിയ ബജറ്റ്, 2022-23, 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ ബജറ്റ് ഉൾപ്പെടെ രണ്ടാം പിണറായി സർക്കാർ 5 ബജറ്റുകൾ അവതരിപ്പിച്ചെങ്കിലും ക്ഷേമ പെൻഷനിൽ വർധനവ് വരുത്തിയില്ല.
അഞ്ച് ബജറ്റുകളിലായി 100 രൂപ വീതം കൂട്ടിയിരുന്നെങ്കിൽ ക്ഷേമ പെൻഷൻ ഇപ്പോൾ 2100 രൂപയായി ഉയർന്നേനെ. നിലവിൽ ക്ഷേമ പെൻഷൻ 2 ഗഡു കുടിശികയാണ്. ക്ഷേമ പെൻഷൻ നൽകാൻ രൂപീകരിച്ച പെൻഷൻ കമ്പനിക്ക് 23000 കോടി രൂപയോളം സർക്കാർ നൽകാനുണ്ട്. ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നവർക്ക് 6 മാസത്തെ വേതനവും നൽകാനുണ്ട്.
നാളെ 2000 കോടി കടം എടുക്കുന്നുണ്ട്. അത് കിട്ടിയിട്ട് വേണം ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ. 2 ഗഡു കുടിശിക ക്ഷേമ പെൻഷൻകാർക്കും 25 ഗഡു ക്ഷേമ പെൻഷൻ കൊടുക്കാനുള്ള പണം പെൻഷൻ കമ്പനിക്കും സർക്കാർ കൊടുക്കാനുണ്ട്. ക്ഷേമ പെൻഷൻ എപ്പോൾ വേണമെങ്കിലും ഭാവിയിൽ മുടങ്ങാം എന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ പ്രതീക്ഷയാണ് ക്ഷേമ പെൻഷൻ.
ശമ്പളവും സർവീസ് പെൻഷനും വിതരണം ചെയ്യുന്നത് പോലെ മാസത്തിന്റെ ആദ്യ പ്രവൃത്തി ദിവസങ്ങളിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള സാഹചര്യമാണ് വേണ്ടത്. ക്ഷേമ പെൻഷൻ ആനുകൂല്യമല്ല. ക്ഷേമ പെൻഷൻ അവകാശമാണ് എന്ന് സർക്കാർ പ്രഖ്യാപിക്കണം. അങ്ങനെയാണെങ്കിൽ ക്ഷേമ പെൻഷൻ കുടിശിക ഇല്ലാതെ എല്ലാ മാസവും കൃത്യമായി ലഭിക്കും. 2026ലെ പ്രകടന പത്രികയിലേക്ക് ഉറ്റുനോക്കുകയാണ് ക്ഷേമ പെൻഷൻകാർ .