News

വി.എസ്സിന് വിട; ഒരു കാലഘട്ടത്തിന്റെ അസ്തമയമെന്ന് മുഖ്യമന്ത്രി, ഓർമ്മകൾ പങ്കുവെച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ പരിച്ഛേദമാണ് വി.എസ്സിന്റെ ജീവിതമെന്നും അദ്ദേഹത്തിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അസ്തമയമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഉജ്ജ്വലമായ സമര പാരമ്പര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായിരുന്നു സഖാവ് എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് സഖാവ് വി.എസ്സിന്റെ ജീവിതം,” എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അനുശോചന സന്ദേശം ആരംഭിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവർക്കൊപ്പം നിന്ന വി.എസ്സിന്റെ നൂറ്റാണ്ട് പിന്നിട്ട ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ച അവസാനത്തെ കണ്ണിയാണ് വി.എസ്സിന്റെ വിയോഗത്തോടെ ഇല്ലാതാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായി അദ്ദേഹം വളർന്നു. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾക്കായി പോരാടുന്നതിലും വി.എസ് വഹിച്ച പങ്ക് ചരിത്രപരമാണെന്നും മുഖ്യമന്ത്രി ഓർമ്മിച്ചു.

വിവിധ കാലഘട്ടങ്ങളിലായി വഹിച്ച പദവികളെല്ലാം അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. 1980 മുതൽ ’92 വരെ പാർട്ടി സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എൽഡിഎഫ് കൺവീനർ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. “കേവല രാഷ്ട്രീയത്തിനപ്പുറം പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വ്യാപരിച്ചു. ഈ പ്രക്രിയയിലാണ് പാർട്ടി നേതാവെന്നതിനൊപ്പം അദ്ദേഹം വലിയ പൊതുസ്വീകാര്യതയിലേക്ക് ഉയർന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

ദീർഘകാലം ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ച മുഖ്യമന്ത്രി, വി.എസ്സിന്റെ നിര്യാണം പാർട്ടിക്കും നാടിനും നികത്താനാവാത്ത നഷ്ടമാണെന്നും കൂട്ടായ നേതൃത്വത്തിലൂടെ ഈ നഷ്ടം നികത്തുമെന്നും പ്രസ്താവിച്ചു.