CricketSports

ടെസ്റ്റ് ക്രിക്കറ്റിന്റെ ‘ഫൈനൽ’ പോരാട്ടങ്ങൾ ഇനി ഇംഗ്ലണ്ടിൽ മാത്രം; അടുത്ത മൂന്ന് ഫൈനലുകൾക്കും ഒരേ വേദി

സിംഗപ്പൂർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലുകൾക്ക് അടുത്ത ആറ് വർഷത്തേക്ക് ഇംഗ്ലണ്ട് സ്ഥിരം വേദിയാകും. 2027, 2029, 2031 വർഷങ്ങളിൽ നടക്കുന്ന അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾക്കും ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിംഗപ്പൂരിൽ ചേർന്ന ഐസിസിയുടെ വാർഷിക കോൺഫറൻസിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

കഴിഞ്ഞ മൂന്ന് ഫൈനലുകളും (2021, 2023, 2025) വിജയകരമായി നടത്തിയതിലുള്ള മികവ് പരിഗണിച്ചാണ് ഇംഗ്ലണ്ടിന് വീണ്ടും അവസരം നൽകുന്നത്.

അഫ്ഗാൻ വനിതാ താരങ്ങൾക്ക് പിന്തുണ

രാജ്യം വിടേണ്ടി വന്ന അഫ്ഗാൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഒരു പുതിയ പദ്ധതിക്കും ഐസിസി രൂപം നൽകി. ഐസിസി, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ), ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി), ക്രിക്കറ്റ് ഓസ്ട്രേലിയ എന്നിവർ ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുക. ഈ താരങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം, ആഭ്യന്തര മത്സരങ്ങളിൽ അവസരം, ഐസിസിയുടെ പ്രധാന ടൂർണമെന്റുകളിൽ പങ്കാളിത്തം എന്നിവ ഉറപ്പാക്കും.

ഐസിസിയിൽ രണ്ട് പുതിയ അംഗങ്ങൾ

ഐസിസി അസോസിയേറ്റ് അംഗങ്ങളുടെ പട്ടികയിലേക്ക് രണ്ട് പുതിയ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. ടിമോർ-ലെസ്റ്റെ ക്രിക്കറ്റ് ഫെഡറേഷൻ, സാംബിയ ക്രിക്കറ്റ് യൂണിയൻ എന്നിവരാണ് പുതിയ അംഗങ്ങൾ. ഇതോടെ, ഐസിസിയിലെ ആകെ അസോസിയേറ്റ് അംഗങ്ങളുടെ എണ്ണം 110 ആയി.