
തിരുവനന്തപുരം: കേരള ക്രിക്കറ്റിലെ പ്രതിഭകളെക്കുറിച്ച് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ അത്ഭുതത്തോടെയാണ് സംസാരിക്കുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പണ്ട് കേരള ടീമിനെതിരെ കളിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പുച്ഛമായിരുന്നു നാല് ദിവസമുള്ള കളി രണ്ട് ദിവസം കൊണ്ട് കളിച്ച് തീർത്ത് വീട്ടില്‍ പോകാം എന്നായിരുന്നു മറ്റം സംസ്ഥാനങ്ങളിലെ കളിക്കാർ പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ന് കേരള താരങ്ങളുടെ കഴിവിനെക്കുറിച്ച് ഇന്ത്യന്‍ ഡ്രെസിങ് റൂമില്‍ ചര്‍ച്ചയാണ് – സഞ്ജു പറഞ്ഞു.
“അയ്യോ, കേരള ക്രിക്കറ്റിലെ കഴിവ് ഭീകരമാണ്,” എന്നതാണ് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ പൊതുവായ സംസാരമെന്നും, നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ് നമ്മുടെ ക്രിക്കറ്റർമാരുടെ കഴിവെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) രണ്ടാം സീസണിന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമുക്കുള്ള കഴിവും പ്രതിഭയും വെച്ച്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ആഭ്യന്തര ലീഗുകളിലൊന്നായി കേരള ക്രിക്കറ്റ് ലീഗ് മാറണം,” എന്ന് സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു.
നമ്മള് രാവിലെ ഏഴുമണി മുതല്‍, വൈകുന്നേരം ആറുമണിവരെയുള്ള വെയില്‍ കൊണ്ടിട്ടാണ് ക്രിക്കറ്റേഴ്സ് വളരുന്നത്. അത് ഒരുദിവസം കൊണ്ട് ഉണ്ടാകുന്ന സംഭവം അല്ല. ഒരു സ്പോർട്സ് പേഴ്സണ്‍ എന്നുവെച്ചാല്‍ അത്രക്കും ഡെഡിക്കേഷനും അത്രക്കും ത്യാഗങ്ങളും സഹിച്ചിട്ടാണ് മുന്നോട്ട് പോകുന്നത് – സഞ്ജു പറഞ്ഞു.

കെസിഎല്ലിന്റെ ആദ്യ സീസണിൽ സഞ്ജു കളിച്ചിരുന്നില്ല. എന്നാൽ, വരുന്ന സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി അദ്ദേഹം കളിക്കും. അടുത്തിടെ നടന്ന ലേലത്തിൽ, റെക്കോർഡ് തുകയായ 26.8 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച വിഘ്നേഷ് പുത്തൂരിനെപ്പോലുള്ള താരങ്ങൾ കെസിഎല്ലിന്റെ കണ്ടെത്തലാണെന്നും സഞ്ജു ചൂണ്ടിക്കാട്ടി.
2024-ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സഞ്ജു, കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ മൂന്ന് ടി20 സെഞ്ച്വറികൾ നേടിയിരുന്നു.