News

ബ്രിട്ടനും മാലിദ്വീപും സന്ദർശിക്കാൻ പ്രധാനമന്ത്രി; നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കാൻ നിർണായക യാത്ര

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്കും മാലിദ്വീപിലേക്കും നിർണായകമായ വിദേശ പര്യടനം നടത്തും. ജൂലൈ 23 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ, ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, പ്രതിരോധം, പ്രാദേശിക വിഷയങ്ങൾ എന്നിവ ചർച്ചയാകും. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത് എന്നതും ഏറെ ശ്രദ്ധേയമാണ്.

ബ്രിട്ടനിൽ സ്റ്റാർമറുമായി ചർച്ച

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ ക്ഷണപ്രകാരം, ജൂലൈ 23-നാണ് മോദി യുകെയിൽ എത്തുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ, വ്യാപാരം, സാമ്പത്തികം, സാങ്കേതികവിദ്യ, പ്രതിരോധം, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തും. ഇതിന് പുറമെ, ചാൾസ് മൂന്നാമൻ രാജാവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

മാലിദ്വീപിൽ ‘മുഖ്യാതിഥി’

ബ്രിട്ടനിലെ സന്ദർശനത്തിന് ശേഷം, ജൂലൈ 25-നാണ് പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകുന്നത്. മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവുമായി ഉന്നതതല ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും, മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനവും പ്രമാണിച്ചുള്ള ആഘോഷങ്ങളിൽ പ്രധാനമന്ത്രി ‘മുഖ്യാതിഥി’യായിരിക്കും.

വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. കൂടാതെ, സംയുക്ത പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. സമീപകാലത്ത് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തിൽ ചില ഉലച്ചിലുകളുണ്ടായ പശ്ചാത്തലത്തിൽ, ഈ സന്ദർശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്. 2019 ജൂണിലാണ് പ്രധാനമന്ത്രി അവസാനമായി മാലിദ്വീപ് സന്ദർശിച്ചത്.