
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടി പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. നാളെ (ജൂലൈ 21) ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യാനാണ് ധാരണയായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, പഹൽഗാം ഭീകരാക്രമണവും അതിന് ഇന്ത്യ നൽകിയ തിരിച്ചടിയും സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പായി.
ശനിയാഴ്ച പ്രതിപക്ഷ ‘ഇൻഡ്യ’ സഖ്യം നടത്തിയ ഓൺലൈൻ യോഗത്തിലാണ്, വർഷകാല സമ്മേളനത്തിൽ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങൾ തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യയുടെ വിദേശനയം, ബിഹാറിലെ തിരഞ്ഞെടുപ്പ് പട്ടികയിലെ ക്രമക്കേടുകൾ എന്നിവയുൾപ്പെടെ എട്ട് പ്രധാന വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
‘ഇൻഡ്യ’ സഖ്യത്തിന്റെ യോഗം
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസിലെ അഭിഷേക് ബാനർജി, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, എൻസിപി (എസ്പി) നേതാവ് ശരദ് പവാർ, നാഷണൽ കോൺഫറൻസിലെ ഒമർ അബ്ദുള്ള, ഡിഎംകെയിലെ തിരുച്ചി ശിവ, കേരള കോൺഗ്രസ് (എം) എംപി ജോസ് കെ. മാണി, ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രൻ, സിപിഎം, സിപിഐ നേതാക്കൾ തുടങ്ങി 24 പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ പാർലമെന്റ് സമ്മേളനമാണിത്. 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം പാകിസ്താനിൽ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. ജൂലൈ 21-ന് ആരംഭിച്ച് ഓഗസ്റ്റ് 21-ന് അവസാനിക്കുന്ന വർഷകാല സമ്മേളനം, ഈ വിഷയങ്ങളിലെല്ലാം സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലുകൾക്ക് വേദിയാകും.